കടക്കെണിയിലും സാമ്പത്തിക ഞെരുക്കത്തിലും അകപ്പെട്ട് പതറുന്ന പാക്കിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി ജനസഖ്യയുടെ കുതിച്ചുകയറ്റം. ഈ സ്ഥിതി തുടർന്നാൽ 2040ഓടെ രാജ്യത്തെ ജനസംഖ്യ 40 കോടി കടക്കുമെന്ന് പാക്കിസ്ഥാന്റെ ആരോഗ്യ സഹമന്ത്രി ഡോ. മുഖ്താർ അഹമ്മദ് ബറാത് പറഞ്ഞു. നിലവിൽ ഏതാണ്ട് 26 കോടി ജനസംഖ്യയുമായി ലോകത്ത് 5-ാം സ്ഥാനത്താണ് പാക്കിസ്ഥാൻ.
ലോകത്ത് ഏറ്റവും ഉയർന്ന ജനന നിരക്കുള്ള രാജ്യങ്ങളിലൊന്നും പാക്കിസ്ഥാനാണ്. ഓരോ വർഷവും 60 ലക്ഷം കുട്ടികൾ ജനിക്കുന്നു എന്നാണ് കണക്ക്. സുരക്ഷിതമില്ലാത്ത ലൈംഗികബന്ധങ്ങളും ‘അപ്രതീക്ഷിത’ ഗർഭധാരണങ്ങളും പാക്കിസ്ഥാനിൽ ജനസംഖ്യാ വർധനയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് ഡോ. ബറാത് പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം, മികച്ച വിദ്യാഭ്യാസം, പ്രതിരോധ മരുന്നുകൾ തുടങ്ങിയ നൽകാനാകുമോയെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. സുരക്ഷിതമായ ‘ഫാലിമി പ്ലാനിങ്’ പാക്കിസ്ഥാൻ സർക്കാർ ഇപ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയമായി മാറിയെന്നും മന്ത്രി പറഞ്ഞു.ഇരട്ട പ്രതിസന്ധിയെന്നോണം പണപ്പെരുപ്പവും ജനസംഖ്യയും ഒരുപോലെ വർധിക്കുന്നത് പാക്കിസ്ഥാന് സർക്കാരിന് വലിയ തിരിച്ചടിയാകുന്നുണ്ട്. കോണ്ടത്തിന് നിലവിലുള്ള 18% നികുതി അസഹനീയമാണെന്നും നിലവിലെ സാഹചര്യത്തിൽ നികുതി കുറയ്ക്കാൻ അനുവദിക്കണമെന്നും പാക്കിസ്ഥാൻ ഐഎംഎഫിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ രാജ്യാന്തര നാണയനിധിയിൽ (ഐഎംഎഫ്) നിന്ന് ലഭിച്ച വായ്പയുടെ ബലത്തിലാണ് പാക്കിസ്ഥാൻ സർക്കാർ പിടിച്ചുനിൽക്കുന്നത്. അതുകൊണ്ട്, ഏതെങ്കിലും ഉൽപന്ന/സേവനത്തിന് നികുതി പരിഷ്കരണം നടത്തണമെങ്കിൽ ഐഎംഎഫിന്റെ അനുമതി വേണം.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫായിരുന്നു ഐഎംഎഫിന് മുന്നിൽ ആവശ്യമറിയിച്ചത്. എന്നാൽ, പിന്നീട് പരിഗണിക്കാമെന്നായിരുന്നു ഐഎംഎഫിന്റെ മറുപടി. കോണ്ടത്തിന് നികുതി കുറച്ചിരുന്നെങ്കിൽ സർക്കാരിന് 60 കോടി പാക്കിസ്ഥാനി രൂപവരെ നികുതിവരുമാന നഷ്ടമുണ്ടാകുമായിരുന്നെന്നാണ് വിലയിരുത്തൽ. നികുതിവരുമാനം കുറയുന്ന നടപടികൾക്കൊന്നും ഇപ്പോൾ ഐഎംഎഫ് അനുമതി നൽകുന്നില്ല.








