Headlines

വാരാണസിയിലെ മണ്ണ് 131 കലശങ്ങളിൽ; രാജ്യമെങ്ങും ഗുരു രവിദാസ് പ്രചാരണം: നിയമസഭകൾ പിടിക്കാൻ ബിജെപി

 

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ സാമൂഹിക വിഭാഗങ്ങളെ സ്വാധീനിക്കാൻ തന്ത്രങ്ങളുമായി ബിജെപി. പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പട്ടിക വിഭാഗക്കാരെ ചേർത്തു നിർത്താൻ ലക്ഷ്യമിട്ട് ‘ഗുരു രവിദാസ്’ അനുസ്മരണ പരിപാടി തുടങ്ങി. 15–16 നൂറ്റാണ്ടുകൾക്കി‍ടയിൽ ജീവിച്ചിരുന്ന ഈ ഭക്തകവിയെ ഉത്തരേന്ത്യക്കാർ ആത്മീയ ഗുരുവായാണ് കാണുന്നത്. ജനിച്ച വർഷം സംബന്ധിച്ചു ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും 650–ാം ജന്മവാർഷികം എന്ന നിലയിലാണ് ബിജെപി അനുസ്മരണം സംഘടിപ്പിക്കുന്നത്.തുകൽ ഉൽപന്നങ്ങൾ നിർമിച്ചിരുന്ന ചാമർ വിഭാഗത്തിലാണ് രവിദാസിന്റെ ജനനം. 2011 ലെ ജനസംഖ്യാ കണക്കുപ്രകാരം പഞ്ചാബിൽ 31.94 ശതമാനവും ഉത്തർപ്രദേശിൽ 20.7 ശതമാനവും പട്ടിക വിഭാഗക്കാരാണ്. ഇവരെ സ്വാധീനിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വാരാണസിയിലെ ഗോവർധൻപുരിലെ രവിദാസിന്റെ ജന്മസ്ഥലം സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണു പരിപാടി ഉദ്ഘാടനം ചെയ്തത്. ഇവിടെ നിന്നുള്ള മണ്ണ് 131 കലശങ്ങളിലാക്കി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അയയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട 2027 ഫെബ്രുവരി വരെ പരിപാടികൾ നീളും. 5 ഘട്ടങ്ങളിലായി പ്രചാരണം നടത്തുമെന്നു പട്ടികജാതി മോർച്ച ദേശീയ പ്രസിഡന്റ് ലാൽ സിങ് ആര്യ പറഞ്ഞു.രവിദാസിന്റെ അനുയായികളെ ഒപ്പം നിർത്താൻ മുൻപും ശ്രമങ്ങളുണ്ടായിട്ടുണ്ട്. 1997 ൽ ഗോവർധൻപുരിലെ ഗുരു രവിദാസ് ജന്മസ്ഥാൻ മന്ദിറിനു സമീപം പാർക്ക് നിർമിക്കാനുള്ള അന്നത്തെ മുഖ്യമന്ത്രി മായാവതിയുടെ നീക്കത്തോടെയാണ് ഇതിനു രാഷ്ട്രീയ പ്രാധാന്യം കൈവന്നത്. 2008 ൽ ജയന്തി ആഘോഷത്തിൽ പങ്കെടുത്ത മായാവതി മന്ദിറിന് സ്വർണ പല്ലക്ക് സമ്മാനിച്ചു. 2012 ൽ അദ്ദേഹത്തിന്റെ അനുയായികൾ ‘ബീഗംപുര’ എന്ന പേരിൽ രാഷ്ട്രീയ പാർട്ടിക്കു രൂപം നൽകി. 2016, 2019 വർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2018 ൽ യോഗി ആദിത്യനാഥും രവിദാസ് ജയന്തി ആഘോഷത്തിൽ പങ്കെടുത്തു. 2019 ൽ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി അഖിലേഷ് യാദവും മായാവതിയും ക്ഷേത്രത്തിനു സമീപം റാലികൾ സംഘടിപ്പിച്ചിരുന്നു. 2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി ഒട്ടേറെ നേതാക്കളും ഇവിടെയെത്തി.

 

മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റുമായ കർപ്പൂരി ഠാക്കൂറിനു മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയത് ബിഹാറിലും വന്ദേമാതരത്തിന്റെ 150–ാം വാർഷികം ചർച്ചകളിലെത്തിച്ചതു ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. സമാനമായ ‘സോഷ്യൽ എൻജിനീയറിങ്’ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കാൻ പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.