Headlines

പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷ; നടന്നത് ആസൂത്രിത അട്ടിമറി; സിപിഐഎം അനുകൂലി ഉത്തരമെഴുതാത്ത ചോദ്യങ്ങള്‍

 

പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് എസ്‌ഐടി. മൂല്യ നിര്‍ണയം നടത്താതെ ഒഴിവാക്കിയത് സിപിഐഎം അനുകൂലിയായ ഒന്നാം റാങ്കുകാരന്‍ എഴുതാത്ത ചോദ്യങ്ങളെന്നാണ് വിവരം. എല്ലാ ചോദ്യങ്ങളുടെയും മാര്‍ക്ക് പരിഗണിച്ചാല്‍ ഒന്നാം റാങ്കുകാരന്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കില്ല.

 

 

മൂല്യനിര്‍ണയം നടത്താതിരുന്നതോടെ മറ്റുള്ളവരുടെ 50 ലേറെ മാര്‍ക്ക് നഷ്ടമായി. മൂല്യനിര്‍ണയം ഒഴിവാക്കിയതിന്റെ ഗുണം കിട്ടിയത് ഒന്നാം റാങ്കുകാരന് മാത്രമാണ്. ഒന്നാം റാങ്ക് നേടിയത് സിപിഐഎം അനുകൂലിയെന്നാണ് പുറത്ത് വരുന്ന ഗുരുതരമായ വിവരം. മൂല്യ നിര്‍ണയം ഒഴിവാക്കിയത് ഇടത് അനുകൂലിയെ ഒന്നാമത് എത്തിക്കാനുള്ള ഗൂഡാലോചനയെന്നാണ് കണ്ടെത്തല്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയകാര്‍ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് എസ്‌ഐടി.ഇന്നലെയാണ് പിഎസ്‌സി തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ അധികാരം ദുരുപയോഗം ചെയ്തുവെന്നും, ഇതോടെ അര്‍ഹതപ്പെട്ടവര്‍ക്ക് റാങ്ക് നഷ്ടമായെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. അര്‍ഹത ഇല്ലാത്ത ആള്‍ക്ക് റാങ്ക്കും ലഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ ചുമതലകള്‍ മനഃപൂര്‍വ്വം ലംഘിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

 

പരാതി നല്‍കിയിരിക്കുന്നയാള്‍ക്ക് 58 മാര്‍ക്കാണ് നഷ്ടമായിരിക്കുന്നത്. 58 മാര്‍ക്ക് ലഭിക്കേണ്ട ഉത്തരങ്ങള്‍ പരിഗണിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ആസൂത്രണ ബോര്‍ഡിലേക്കുള്ള പിഎസ്സി പരീക്ഷ ക്രമക്കേടില്‍ ഗുരുതര കണ്ടെത്തലാണ് ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷാ തട്ടിപ്പുമായി ബന്ധമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.