Headlines

ഫിഫ ‘വേൾഡ് കപ്പ്’ ട്രംപിന്റെ ബന്ധുവിന് ‘മറിച്ചുവിൽക്കാൻ’ ഇൻഫന്റിനോ; 20 ബില്യന്റെ ‘വിവാദ’ ഡീൽ, വൻ പ്രതിഷേധം

 

ഫുട്ബോൾ പൂരത്തിന് കൊടിയിറങ്ങിയിട്ടും കെട്ടടങ്ങാതെ വിവാദക്കാറ്റ്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലെ സൗഹൃദം ലോകത്തിന് അറിയാം. ഇപ്പോഴിതാ, ‘വേൾഡ് കപ്പ്’ ഔദ്യോഗികമായി വിൽപനയ്ക്കുവച്ച ഇൻഫന്റിനോയുടെ തീരുമാനവും വാങ്ങാൻ പ്രധാനമായി രംഗത്തുള്ളത്ത് ട്രംപിന്റെ അടുത്ത ബന്ധുവാണെന്നതുമാണ് വിവാദത്തിന് വഴിവച്ചത്.

 

ലക്ഷ്യം 40,000 കോടി

വേൾഡ് കപ്പ് ഉൾപ്പെടെ ഫിഫയുടെ പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പിനായി ഉപസ്ഥാപനം രൂപീകരിച്ച് അതിന്റെ 20% ഓഹരികൾ വിൽക്കാനാണ് ഇൻഫന്റിനോ ശ്രമിക്കുന്നത്. ഫിഫ ഫോർവേഡ് എന്റർപ്രൈസസ് (എഫ്എഫ്ഇ) എന്നാണ് ഉപസ്ഥാപനത്തിന്റെ പേര്.

 

ഓഹരി വിൽപനയിലൂടെ 420 കോടി ഡോളർ (ഏകദേശം 40,400 കോടി രൂപ) സമാഹരിക്കാനാകുമെന്ന് ഇൻഫന്റിനോ കരുതുന്നു, എഫ്എഫ്ഇക്ക് 2000 കോടി ഡോളർ (1.92 ലക്ഷം കോടി രൂപ) മൂല്യം വിലയിരുത്തിയായിരിക്കും വിൽപന.

ട്രംപിന് പങ്കുണ്ടോ?

 

‘‘യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടന്ന ലോകകപ്പ് വാണിജ്യപരമായി വൻ വിജയമായിരുന്നു. ഈ വിജയം തുടരേണ്ടതുണ്ട്’’ – എന്നായിരുന്നു ഓഹരി വിൽപന സംബന്ധിച്ച് ഇൻഫന്റിനോയുടെ പ്രതികരണം. അതേസമയം, ഇൻഫന്റിനോയുടെ നീക്കത്തെ പ്രധാനമായും പിന്തുണയ്ക്കുന്നത് ത്രൈവ് ക്യാപിറ്റലിന്റെ ജോഷ്വ കുഷ്നറാണ്. ട്രംപിന്റെ മരുമകൻ ജേർഡ് കുഷ്നറിന്റെ സഹോദരനാണ് ജോഷ്വ. ട്രംപിന് ഈ ഡീലുമായി നേരിട്ട് ബന്ധമുള്ളതായി റിപ്പോർട്ടുകളില്ല. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവാണ് ജേർഡ് കുഷ്നർ.ഇവിടാരും ഉടമകളല്ല, വിൽക്കാൻ സമ്മതിക്കില്ല

 

ഫിഫയിലെ 37 അംഗ കൗൺസിലിലും 211 അംഗരാജ്യങ്ങൾക്കിടയിലും നിന്ന് ഭൂരിപക്ഷ പിന്തുണ കിട്ടിയാലേ ഓഹരി വിൽപന നടക്കൂ. വേൾഡ് കപ്പ് വിൽക്കാനുള്ളതല്ലെന്ന വിമർശനവുമായി യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (യുവേഫ) രംഗത്തുവന്നുകഴിഞ്ഞു. ഫിഫ അതിരുകൾ ലംഘിക്കുകയാണെന്നും യുവേഫ വിമർശിച്ചു.

 

മൂന്നാംകക്ഷികൾക്ക് ഓഹരി പങ്കാളിത്തം കിട്ടുന്നത് ലോകകപ്പ് നടത്തിപ്പിന്റെ വിശ്വാസ്യതയെയും സുതാര്യതയെയും ബാധിക്കുമെന്നും വിമർശകർ പറയുന്നു. ‘‘ഇവിടെയാരും ഫുട്ബോളിന്റെ ഉടമകളല്ല. അത് വിൽക്കാൻ ഫിഫയ്ക്ക് പറ്റുകയുമില്ല’’ – യുവേഫ വ്യക്തമാക്കിയത് ഇങ്ങനെ.

 

കൂട്ടുകാർക്ക് വിൽക്കാനുള്ളതല്ല

 

‘‘ഫുട്ബോളിനെ സ്വന്തം നേട്ടത്തിനും ചങ്ങാതിമാരുടെ നേട്ടത്തിനും ഉപയോഗിക്കാൻ ഫിഫയെ അനുവദിക്കില്ല. ഫിഫയിലെ അംഗരാജ്യങ്ങൾ, ക്ലബ്ബുകൾ, പ്രാദേശിക ലീഗുകൾ, താരങ്ങൾ, ആരാധകർ എന്നിവരുടെ ക്ഷേമമാകണം ലക്ഷ്യം’’ – എന്നും യുവേഫ അഭിപ്രായപ്പെട്ടു. വിറ്റഴിക്കാൻ വേൾഡ് കപ്പ് ഒരു ഉൽപന്നം അല്ല എന്നാണ് ഇൻഫന്റിനോയുടെ നീക്കത്തോട് എക്സിൽ യുകെ പ്രധാനമന്ത്രി ആൻഡി ബേണെം പ്രതികരിച്ചത്.

 

അതേസമയം, മികച്ച വാണിജ്യമൂല്യം ലഭിക്കാനാണ് ഉപസ്ഥാപനം രൂപീകരിക്കുന്നതെന്ന് പറഞ്ഞ ഇൻഫന്റിനോ, ഓഹരി വിൽപനയ്ക്ക് സമ്മതിക്കണമെന്ന് അംഗരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. വഴങ്ങുന്നില്ലെങ്കിൽ സാമ്പത്തിക ഞെരുക്കം നേരിടാൻ തയാറായിക്കോളൂ എന്നും ഇൻഫന്റിനോ മുന്നറിയിപ്പ് നൽകി.