Headlines

പരീക്ഷാ ക്രമക്കേട്: ‘ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തു’; അർഹതപ്പെട്ടവർക്ക് റാങ്ക് നഷ്ടമായെന്ന് FIR

 

പരീക്ഷാ ക്രമക്കേടിൽ പിഎസ്എസി ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് ആദ്യകേസ് രജിസ്റ്റർ ചെയ്ത് അന്വേഷണസംഘം. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലാണ് ആദ്യ കേസ്. ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തുവെന്നും, ഇതോടെ അർഹതപ്പെട്ടവർക്ക് റാങ്ക് നഷ്ടമായെന്നും എഫ്ഐആറിൽ പരാമർശം. എഫ്ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. അർഹത ഇല്ലാത്ത ആൾക്ക് റാങ്ക്കും ലഭിച്ചുവെന്നും ഉദ്യോഗസ്ഥർ ചുമതലകൾ മനഃപൂർവ്വം ലംഘിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

 

 

പരാതി നൽകിയിരിക്കുന്നയാൾക്ക് 58 മാർക്കാണ് നഷ്ടമായിരിക്കുന്നത്. 58 മാർക്ക് ലഭിക്കേണ്ട ഉത്തരങ്ങൾ പരിഗണിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. ആസൂത്രണ ബോര്‍ഡിലേക്കുള്ള പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ഗുരുതര കണ്ടെത്തലാണ് ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷാ തട്ടിപ്പുമായി ബന്ധമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.പരീക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും വിശദമായി അന്വേഷണം വേണമെന്നുമുളള ശിപാര്‍ശയാണ് ആഭ്യന്തര വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും ഉള്ളത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്യും.