Headlines

പൊലീസ് ക്രൂരത കോടതി സമക്ഷം; 250 പൊലീസുകാർക്ക് പരുക്കേറ്റെന്ന് കേന്ദ്രം

 

ന്യൂഡൽഹി ∙ ‘ലഹരിമരുന്ന് കേസിൽപ്പെടുത്തും, പിന്നെ നീയൊന്നും പുറംലോകം കാണില്ല’ – ചോദ്യപ്പേപ്പർ ചോർന്ന വിഷയത്തിൽ പ്രതിഷേധിച്ച മഹാരാഷ്ട്രയിലെ വിദ്യാർഥികളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതിന്റെ ഈ ദൃശ്യം മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഇന്നലെ ചീഫ് ജസ്റ്റിസിനു മുന്നിൽ ഹാജരാക്കി.ഡൽഹിയിലെ സമരത്തിൽ ഭക്ഷ്യ വൊളന്റീയറായി പങ്കെടുത്ത ജുനൈദ് മാലിക്കിന്റെ കാര്യം പ്രശാന്ത് ഭൂഷൺ പറഞ്ഞു. വാഹനത്തിൽ കയറ്റി കൊണ്ടുപോയ ഇയാളെ പൊലീസ് ഉത്തരാഖണ്ഡിലെ മസൂറിയിലെ ദേശീയപാതയിലാണ് ഇറക്കി വിട്ടത്. സമരക്കാരെ നേരിടാൻ പൊലീസ് കല്ലുകൾ നിറച്ച ഒരു ട്രക്ക് ജന്തർ മന്തറിലേക്കു പുലർച്ചെ കൊണ്ടുവന്നു. ഇതു സമരക്കാരാണ് കൊണ്ടുവന്നതെന്നാണ് പൊലീസ് പറഞ്ഞത്. കനത്ത പൊലീസ് കാവലിനിടെ ഇതെങ്ങനെ സാധ്യമാകുമെന്ന് വൃന്ദ ഗ്രോവർ ചോദിച്ചു. പൊലീസിനെതിരെ വിദ്യാർഥികൾ അക്രമം നടത്തുമെന്നു കരുതുന്നില്ലെന്നും അവർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹികവിരുദ്ധരാണ് പ്രശ്നമുണ്ടാക്കിയതെന്നുമായിരുന്നു ഇന്നലെ കോടതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിരോധം. 250 പൊലീസുകാർക്ക് പരുക്കേറ്റെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പൊലീസ് യൂണിഫോമിലുണ്ടായിരുന്നവർക്കു നേരെ ആസൂത്രിത അക്രമമുണ്ടായെന്നും പറഞ്ഞു.ആരെങ്കിലും പരിധി വിട്ടു പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമം കൈകാര്യം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധമാണ് വിദ്യാർഥികൾ ഉദ്ദേശിച്ചത്. അത്തരം പ്രതിഷേധത്തിനു ഭരണഘടനാസംരക്ഷണമുണ്ട്. രണ്ടു കാര്യങ്ങൾ സംഭവിക്കാം. ഒന്നുകിൽ പ്രതിഷേധം തടയാനെത്തിയ പൊലീസ് അക്രമത്തിൽ ഏർപ്പെടാം. മറ്റൊന്ന്, ക്ഷണിക്കപ്പെടാത്ത അതിഥികൾ എത്തി അക്രമമുണ്ടാക്കാം – ചീഫ് ജസ്റ്റിസ് പറഞ്ഞു.