പാക്കിസ്ഥാനുമായുള്ള സംഘർഷത്തെ തുടർന്ന് അതിർത്തിയടച്ച അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്റെ തീരുമാനത്തിൽ വെട്ടിലായി മധ്യ ഏഷ്യൻ രാജ്യങ്ങൾ. നാലുചുറ്റും കരയതിർത്തി മാത്രമുള്ള ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പാക്ക്-അഫ്ഗാൻ സംഘർഷത്തെ തുടർന്ന് പ്രതിസന്ധിയിലായത്. എന്നാൽ, പാക്കിസ്ഥാനി തുറമുഖത്തേക്ക് എത്താൻ ഇപ്പോൾ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും.
അഫ്ഗാനിസ്ഥാനെ പൂർണമായും ഒഴിവാക്കി ചൈനീസ് റെയിൽപ്പാത വഴി പാക്കിസ്ഥാനിലേക്ക് കടക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്ന് പാക്കിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനവഴി ചരക്കെത്തിക്കുന്നത് സംബന്ധിച്ച കരാർ ഒപ്പുവയ്ക്കൽ നടപടികളിലേക്ക് പാക്കിസ്ഥാനും ഉസ്ബെക്കിസ്ഥാനും ഉടൻ കടക്കും. ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും ചൈനയുമായി ചേർന്ന് നിലവിൽ ചൈനയിലെ റെയിൽ സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാത നിർമിക്കുന്നുണ്ട്. ഇതുവഴി പാക്കിസ്ഥാനി തുറമുഖങ്ങളെയും ബന്ധിപ്പിക്കാനാണ് നീക്കം. എന്നാൽ, റെയിൽപ്പാത യാഥാർഥ്യമാകാൻ ഇനിയും വർഷങ്ങളെടുക്കുമെന്ന വെല്ലുവിളിയുണ്ട്. ഈ കാലതാമസം ചരക്കുനീക്കത്തെ ബാധിക്കുന്നത് ഒഴിവാക്കാനായി ചൈന വഴി ട്രക്കുകൾ പാക്കിസ്ഥാന്റെ തുറമുഖത്ത് എത്തിക്കാനാണ് അടിയന്തരമായി ഉദ്ദേശിക്കുന്നത്. ഇതിനുപക്ഷേ, സാമ്പത്തികച്ചെലവേറും.
അഫ്ഗാൻ വഴി പാക്കിസ്ഥാനിലേക്ക് കടക്കുന്നതാണ് മധ്യ ഏഷ്യൻ രാജ്യങ്ങൾക്ക് സാമ്പത്തികമായി ഏറ്റവും അനുയോജ്യം. എന്നാൽ, അതിർത്തി തർക്കത്തെ തുടർന്ന് പാക്കിസ്ഥാനാണ് ആദ്യം അതിർത്തി അടച്ചത്. ഇതോടെ അഫ്ഗാനിസ്ഥാനും അതിർത്തികൾ അടച്ചു. നിലവിൽ പാക്ക്-അഫ്ഗാനിസ്ഥാൻ ഉഭയകക്ഷി വ്യാപാരം ഏറക്കുറെ നിലച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും അതിർത്തിക്ക് ഇരുവശത്തും മാസങ്ങളായി ട്രക്കുകൾ കെട്ടിക്കിടക്കുകയുമാണ്.അഫ്ഗാൻ അതിർത്തിയടഞ്ഞത് പാക്കിസ്ഥാന്റെ മധ്യ ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തെയും ബാധിച്ചു. അഫ്ഗാനും വിദേശ വ്യാപാര ഇടപാടുകൾക്ക് പാക്കിസ്ഥാനി തുറമുഖങ്ങളെയാണ് നേരത്തേ ആശ്രയിച്ചിരുന്നത്. ഇപ്പോൾ പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമമാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടവും നടത്തുന്നത്.







