Headlines

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ; പരാമർശം PSC ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിൽ

 

ആസൂത്രണ ബോർഡിലേക്കുള്ള പി എസ് സി പരീക്ഷ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് പരീക്ഷാ തട്ടിപ്പുമായി ബന്ധമുണ്ട്.വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.ആഭ്യന്തരവിജൻസിന്റെ റിപ്പോർട്ട് പി എസ് സി യോഗത്തിൽ ചർച്ച ചെയ്തു.

 

 

കഴിഞ്ഞദിവസം എസ് പി സിനി എഫ് ഡെന്നിസിന്റെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട് പി എസ് സിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് ആസൂത്രണം ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. പരീക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിശദമായിട്ടുള്ള അന്വേഷണം വേണമെന്ന് ശിപാർശയോടെ കൂടിയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

 

ഇന്ന് പിഎസ്‌സി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട് ചർച്ചയായി. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് പി എസ് സി സർക്കാരിന്ന് സമർപ്പിക്കും. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനാൽ മറ്റൊരു അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടേക്കില്ല. ഐ ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള SIT യുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും എന്നറിയിച്ചിരുന്നെങ്കിലും പൂർത്തിയാകാത്തതിനാൽ റിപ്പോർട്ട് കൈമാറുന്നത് നീട്ടി. എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസെടുക്കണമെന്ന് ശിപാർശയോടുകൂടിയായിരിക്കും എസ്ഐടി അന്വേഷണം റിപ്പോർട്ട് ഡിജിപിക്ക് കൈമാറുന്നത്.

 

ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും വിശദമായി അന്വേഷണം വേണമെന്നുമുളള ശിപാർശയാണ് ആഭ്യന്തര വിജിലൻസിനും ക്രൈംബ്രാഞ്ചിനും ഉള്ളത്.എഫ് ഐ ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്യും.