പീരുമേട് ∙ വാഗമണ്ണിൽ അപൂർവ ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ 70 ഏക്കർ മലനിരകൾ റവന്യു ഉദ്യോഗസ്ഥർ രഹസ്യമായി പതിച്ചു നൽകി. ഇതര ജില്ലകളിൽനിന്നുള്ളവരുടെ പേരുകളിൽ വാഗമൺ വിലാസം രേഖപ്പെടുത്തിയാണ് പട്ടയങ്ങൾ വിതരണം ചെയ്തിരിക്കുന്നത്. പട്ടയം നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിച്ചാണ് 2021 മുതൽ ഇവിടെ പുൽമേടുകൾക്ക് പട്ടയവിതരണം നടന്നിരിക്കുന്നത്.പട്ടയം നൽകിയ സ്ഥലങ്ങളിൽ ഇതുവരെ ഒരുതരത്തിലുള്ള കൃഷിയും ചെയ്തിട്ടില്ല. ഈ കാലയളവിൽ പട്ടയത്തിനുള്ള അപേക്ഷകൾ പരിഗണിക്കാൻ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചേർന്നിട്ടില്ല. ഭൂമിയുടെ കൈവശാവകാശ രേഖകളോ വരുമാനം സംബന്ധിച്ച രേഖകളോ പട്ടയം ലഭിച്ചവർക്കു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ പട്ടയം നൽകേണ്ടവരുടെ പട്ടിക തയാറാക്കുകയോ ഇവ കലക്ടർക്കു സമർപ്പിച്ച് അംഗീകാരം തേടുകയോ ചെയ്തിട്ടില്ല. പട്ടയം നൽകുന്നവരുടെ പേരുവിവരങ്ങളും വസ്തു സംബന്ധിച്ച കാര്യങ്ങളും വിവരിക്കുന്ന പട്ടിക വില്ലേജ്, പഞ്ചായത്ത് ഓഫിസുകളിൽ പ്രസിദ്ധീകരിക്കണമെന്ന നിയമവും അട്ടിമറിച്ചാണ് മലനിരകൾ പതിച്ചു കൊടുത്തിരിക്കുന്നത്.സർക്കാർ ഭൂമിയെന്നു ചൂണ്ടിക്കാട്ടി ബോർഡുകൾ സ്ഥാപിച്ച പ്രദേശങ്ങളും ബോർഡ് നീക്കംചെയ്ത ശേഷം പതിച്ചു നൽകിയിട്ടുണ്ട്.






