Headlines

സിജെപിയിൽ തീരുന്നില്ല; ദാ, ഇ20 ജനതാ പാർട്ടി: ശുദ്ധ പെട്രോളിനായി സോഷ്യൽ മീഡിയ സമരം

 

ന്യൂഡൽഹി ∙ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരവിജയത്തിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ സമൂഹമാധ്യമക്കൂട്ടായ്മ ആരംഭിച്ചു. 100 ശതമാനവും ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള പൗരന്റെ അവകാശത്തിനായി പോരാടുന്നു എന്നാണു പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിന്റെ ബയോയിലുള്ളത്.എക്സിലും ഇൻസ്റ്റഗ്രാമിലും പ്രത്യക്ഷപ്പെട്ട അക്കൗണ്ടിന്റെ പിന്നിലാരാണെന്നു വ്യക്തമല്ല. ഇൻസ്റ്റയിൽ ഫോളോവേഴ്സ് ഇന്നലെ രാത്രി 11 മണിയോടെ ഒരുലക്ഷം കടന്നു; എക്സിൽ മുപ്പത്തെട്ടായിരവും.സബ്സിഡിയോ സൗജന്യ ഇന്ധനമോ വേണമെന്നോ എഥനോൾ മിശ്രിത ഇന്ധനങ്ങൾ പിൻവലിക്കണമെന്നോ ആവശ്യപ്പെടുന്നില്ലെന്നും ഏതു തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്കു നൽകണമെന്നും അക്കൗണ്ടിൽ പറയുന്നു. പമ്പുകളിൽ 100% പെട്രോൾ വാങ്ങാനുള്ള സംവിധാനം പുനഃസ്ഥാപിക്കുക, എന്താണു വാങ്ങുന്നതെന്ന് ഉപയോക്താക്കൾക്കു കൃത്യമായി അറിയാൻ സുതാര്യമായ ഇന്ധന ലേബലിങ് ഉറപ്പാക്കുക, വ്യത്യസ്ത ഇന്ധനങ്ങളുടെ ചെലവ്, നേട്ടങ്ങൾ, പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ഡേറ്റ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നു.ഇ20 പെട്രോൾ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ടാക്സി ട്രാൻസ്പോർട്ട് യൂണിയനുകൾ ഓഗസ്റ്റ് 4ന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.