Headlines

കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം

 

മലയാളികളുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് പുതിയ വീട്. കൊച്ചിന്‍ ഹനീഫയുടെ ആകസ്മികമായ മരണത്തിനു ശേഷം കഴിഞ്ഞ 16 വര്‍ഷം വാടകവീട്ടില്‍ ആയിരുന്നു ഭാര്യ ഫാസീല കൊച്ചിന്‍ ഹനീഫയും മക്കളായ സഫയും മര്‍വയും താമസിച്ചിരുന്നത്. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യത്തില്‍ സ്വപ്ന വീട് ഒരുക്കിയതിന്റെ സന്തോഷത്തിലാണ് കുടുംബം.

 

 

വെണ്ണല അംബേദ്കര്‍ റോഡിലാണ് കൊച്ചിന്‍ ഹനീഫാസ് എ ബി മന്‍സില്‍. പിതാവ് എ ബി മുഹമ്മദിന്റെ പേരില്‍ ആകണം തന്റെ വീടെന്നത് കൊച്ചിന്‍ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്‌റൂം ഉള്‍പ്പെടെ മനോഹരമായി ഇന്റീരിയര്‍ ചെയ്ത മൂന്നുനില വീട്ടില്‍ മലയാളികളുടെ പ്രിയ നടന്റെ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്നു.മക്കളായ സഫയും മര്‍വയും ചേര്‍ന്നാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൊച്ചിന്‍ ഹനീഫ വിട്ടു പിരിയുമ്പോള്‍ നാല് വയസായിരുന്നു ഇരട്ടകളായ സഫയ്ക്കും മര്‍വയ്ക്കും. കുഞ്ഞുങ്ങളെ ചേര്‍ത്തണച്ച ഫസീല കഴിഞ്ഞ 16 വര്‍ഷം കൊണ്ട്, ഹനീഫയുടെ സ്വപ്നങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുകയാണ്. തലശേരികാരിയായ ഫസീല ഉറ്റവര്‍ നിര്‍ബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല.16 കൊല്ലം കടവന്ത്രയിലെ വാടകവീട്ടില്‍ താമസിച്ച കുടുംബം കൊച്ചിയില്‍ തന്നെ തങ്ങളുടെ പ്രിയപ്പെട്ടവന്റെ സ്വപ്നക്കൂടൊരുക്കി. ഒരു രൂപയ്ക്ക് പോലും ആരുടെ മുന്നിലും കൈനീട്ടാതെ.

 

നിയമക്കുരുക്കിലായിരുന്ന കൊച്ചിന്‍ ഹനീഫയുടെ സ്വത്ത് സമ്പാദ്യങ്ങള്‍ കുട്ടികള്‍ക്ക് 18 വയസായതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ആശ്വാസമായത്. സഫയെ സിഎയും മര്‍വയെ സിഎസും പഠിപ്പിക്കണമെന്ന് ഹനീഫ ഫസീലയോട് പറയുമായിരുന്നു.

 

കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ദിലീപ് നടത്തിയ ഇടപെടല്‍ ഫസീലയുടെ സഹോദരന്‍ ഓര്‍ത്തെടുത്തു.ആരുടെ മുന്നിലും കൈനീട്ടാന്‍ കൊച്ചിന്‍ ഹനീഫയ്ക്ക് ഒരുകാലത്തും താല്‍പര്യമുണ്ടായിരുന്നില്ല. ആ തലയെടുപ്പ് വെണ്ണലയിലെ കൊച്ചിന്‍ ഹനീഫാസ് എ ബി മന്‍സിലിനുമുണ്ട്.