തൊടുപുഴ ∙ പൊലീസ് ജീപ്പിൽനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും പുകയില ഉൽപന്നവും കണ്ടെത്തിയ സംഭവത്തിൽ എസ്ഐ എൻ.എസ്. റോയി, സിപിഒ ജിജോ ആന്റണി എന്നിവർക്കു സസ്പെൻഷൻ. രക്ത സാംപിൾ പരിശോധിച്ചതിൽ ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായി ഡിവൈഎസ്പി പി.എം.ബൈജു പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്കു നൽകിയതായി അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എ.നസീം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര നടപടിയെടുത്തത്.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം പ്രദർശിപ്പിച്ച മങ്ങാട്ടുകവലയിലെ വേദിക്കരികിലെ റോഡിലുണ്ടായിരുന്ന പൊലീസ് ജീപ്പിൽനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും പുകയില ഉൽപന്നവും ചീട്ടും കണ്ടെത്തിയിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന എസ്ഐയും സിപിഒയും മദ്യപിച്ചിട്ടുണ്ടെന്ന ആരോപണത്തെത്തുടർന്ന് തൊടുപുഴ സിഐ സിജോ വർഗീസ് വാഹനം പരിശോധിച്ചപ്പോഴാണ് ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെടുത്തത്. പൊലീസിനെതിരെ സിപിഎം പ്രവർത്തകർ നൽകിയ ഹർജിയിൽ എസ്ഐയോടും സിപിഒയോടും ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം തൊടുപുഴ പൊലീസ് സ്റ്റേഷൻ കവാടത്തിൽ ഫ്ലെക്സ് സ്ഥാപിച്ചു.








