എൻജിഓയുമായി കൈകോർത്തു; 560 ആദിവാസി കുട്ടികൾക്ക് സഹായവുമായി സച്ചിൻ

560 ആദിവാസി കുട്ടികൾക്ക് സഹായവുമായി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. എൻജിഓ പരിവാർ എന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് സച്ചിൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക. മധ്യപ്രദേശിലെ സേഹോർ ജില്ലയിലുള്ള കുഗ്രാമങ്ങളിലെ കുട്ടികൾക്കാണ് ക്രിക്കറ്റ് ഇതിഹാസത്തിൻ്റെ സഹായം എത്തുക.

സെവാനിയ, ബീല്പാട്ടി, ഖാപ, നയപുര, ജമുൻഝീൽ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് സച്ചിൻ സഹായിക്കുക. ഇവർക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ഇവർ ഒരുക്കും. യുണിസെഫിൻ്റെ ഗുഡ്‌വിൽ അംബാസിഡറായ സച്ചിൻ മുൻപും കുട്ടികളെ സഹായിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും താരം പങ്കാളിയായി.കൊവിഡിൽ ബുദ്ധിമുട്ടുന്ന 5000 ആളുകൾക്ക് ഒരു മാസത്തേക്ക് ഭക്ഷണം നൽകുമെന്ന് സച്ചിൻ അറിയിച്ചിരുന്നു. അപ്‌നാലയ എന്ന എന്‍.ജി.ഒ. വഴിയാണ്‌ സച്ചിന്‍ 5000 പേര്‍ക്കു ഭക്ഷണമെത്തിച്ചത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ അപ്നാലയ ആണ് വിവരം അറിയിച്ചത്. 5000 പേരുടെ റേഷന്‍ ഇനി ഒരു മാസത്തേക്ക്‌ സച്ചിനാവും നോക്കുക എന്ന്‌ അപ്‌നാലയ ട്വീറ്റ്‌ ചെയ്‌തു.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സച്ചിൻ 50 ലക്ഷം രൂപ നൽകിയിരുന്നു. 25 ലക്ഷം രൂപവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധികളിലേക്കാണ് നൽകിയത്.