Headlines

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

 

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി.സുരക്ഷാ ജീവനക്കാരുടെ അഭാവമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമെന്നും കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് നേരിട്ട് സന്ദർശനം നടത്തിയത്.

 

 

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല മാനസികാരോഗ്യകേന്ദ്രത്തില്‍ പാചകത്തൊഴിലാളികളില്ല. പാചകം ചെയ്യുന്നതും ഈ അറ്റൻഡ‍ർമാർ തന്നെയാണ്. സുരക്ഷ ജീവനക്കാരുടെ അഭാവവും അറ്റൻഡ‍ർമാർക്ക് ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വരുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട് കോടതി വ്യക്തമാക്കി.

 

മാനസികാരോഗ്യകേന്ദ്രത്തിലെ പല കെട്ടിടങ്ങളുടെയും നിർമാണം പാതി വഴിയിൽ നിലച്ച നിലയിലാണുള്ളത്. മാനസികബുദ്ധിമുട്ട് നേരിടുന്നവരുടെ പ്രതിസന്ധികൾ കോടതി നേരിൽ കണ്ടിരുന്നു. സാധാരണ മനുഷ്യരെപോലെ അവർക്ക് സങ്കടങ്ങൾ പുറത്ത് പറയാൻ പറ്റില്ല. കൗൺസിലിങ് അടക്കം നൽകി അവരെ സമൂഹവും കുടുംബവുമായി ഒന്ന് ചേരാൻ അവസരം ഒരുക്കണം. അറ്റൻഡർമാർ, പാചകത്തൊഴിലാളി, സുരക്ഷ ഉദ്യോഗസ്ഥരുടെ നിയമനത്തിൽ സർക്കാർ സത്യവാങ്മൂലം നൽകണം. നല്ല മാറ്റത്തിനായി കോടതിക്ക് കഴിയുന്നത് ചെയ്യുമെന്നും നിരീക്ഷിച്ചു.

 

കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടക്കമുള്ളവർ കേന്ദ്രത്തിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. മാനസികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കാലപ്പഴക്കം പരിഹരിക്കുന്നതിന് വേണ്ടി 2022 ൽ മനുഷ്യാവകാശ കമ്മീഷൻ ആശുപത്രി സന്ദർശിക്കുകയും അതിവേഗം മാസ്റ്റർ പ്ലാൻ തയ്യാറാക്കി അതിനാവശ്യമായ പണം വേഗത്തിൽ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അതുമായി ബന്ധപ്പെട്ട യാതൊരുവിധ നടപടികളും കൈകൊണ്ടിരുന്നില്ല , ഇതിന്റെ അടിസ്ഥാനത്തിലാണ് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തന്നെ നേരിട്ടെത്തി പരിശോധന നടത്തുന്ന സാഹചര്യം ഉണ്ടായത്.

 

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും, കെട്ടിടങ്ങളുടെ കാലപ്പഴക്കവും, ആവശ്യമായ ഉദ്യോഗസ്ഥരുടെ കുറവുമാണ് പ്രധാനമായും പരിശോധിച്ചത്. സെല്ലുകളുടെ പോരായ്മ, ആശുപത്രി ഉപകരണങ്ങളുടെ പഴക്കം എന്നിവയെകുറിച്ചും വിശദമായ വിവരങ്ങൾ തേടിയിരുന്നു.