ന്യൂഡൽഹി∙ 23 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചിട്ട് ഇന്നു നാലാംദിവസം. മനസ്സിനും ശരീരത്തിനും തീവിഴുങ്ങിയ പോലൊരു പുകച്ചിലും വേദനയുമാണ്. ജന്തർ മന്തറിലെ നടപ്പാതയിൽ, ദ്വാരങ്ങൾ വീണ ടാർപോളിനു കീഴിൽ, ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയുമേറ്റ് ഞാനുൾപ്പെടെ 6 പേരാണ് നിരാഹാരമിരുന്നത്.
സമരത്തിന്റെ ആദ്യ 5 ദിവസത്തോളം വിശപ്പ് അനുഭവപ്പെട്ടത് വേദനയായാണ്. വാർത്തകളും പുസ്തകങ്ങളും വായിച്ച് അതിനെ മറികടക്കാൻ ശ്രമിച്ചു. ദൈനംദിനകാര്യങ്ങൾ എഴുതി സൂക്ഷിക്കാൻ ശ്രമിച്ചു. രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നതോടെ ശരീരം തളർന്നു. ഞങ്ങളെ കാണാനും സംസാരിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും വിദ്യാർഥികളും മാതാപിതാക്കളുമുൾപ്പെടെ ഒട്ടേറെപ്പേരെത്തി. അവരുടെയും ഞങ്ങളുടെ സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനിലെ (ഐസ) സഹപ്രവർത്തകരുടെയും വാക്കുകളാണ് ഊർജമായത്. മൂന്നാമത്തെ ആഴ്ചയോടെ പേശികളിലും ശരീരത്തിലും വേദന വളരെ ശക്തമായി. പരസഹായമില്ലാതെ നടക്കാനും ശുചിമുറിയിൽ പോകാനും വയ്യാതെയായി. ഇതിനിടെ എന്റെ കൂടെ നിരഹാരത്തിലുണ്ടായിരുന്നതിൽ 3 പേരെ ആശുപത്രിയിലേക്കു മാറ്റി.ഞങ്ങളിരുന്ന സ്ഥലത്തെ സ്ഥിതി മഴ പെയ്ത ദിവസങ്ങളിൽ കൂടുതൽ വഷളായി. ടാർപോളിൻ ചോർന്ന് വെള്ളം കിടക്കയിലേക്ക് ഒലിച്ചിറങ്ങി. തണലിനു നല്ല ടാർപോളിനോ കിടക്കകളോ സമരവേദിയിലേക്കു കടത്തിവിടാൻ പൊലീസ് അനുവദിച്ചില്ല. അത്യുഷ്ണമുള്ള ദിവസങ്ങളിൽ ഫാൻ വയ്ക്കുന്നതും പൊലീസ് തടഞ്ഞു. നിരാഹാര സമരത്തിന്റെ അവസാന ദിവസങ്ങളിൽ ശുചിമുറിയിലേക്കു നീങ്ങാൻ വീൽചെയർ വേണ്ടിവന്നു. ഉപയോഗിക്കാനാവാത്തവിധം മലിനമായിരുന്നു ശുചിമുറി. ഒരു മിനിറ്റ് പോലും നിവർന്നുനിൽക്കാൻ കഴിയാത്തവിധം ശരീരം ക്ഷയിച്ചു. എങ്കിലും സമരത്തിൽനിന്നു പിന്നോട്ടുപോകില്ലെന്ന് ഉറപ്പിച്ചു.
നിരാഹാരം അവസാനിപ്പിക്കാനിരുന്ന കഴിഞ്ഞ 20നുപോലും പൊലീസ് ജന്തർ മന്തറിൽ ക്രൂരമായ അതിക്രമങ്ങളാണു നടത്തിയത്. സമരപ്പന്തൽ പൊളിക്കാൻ ശ്രമമുണ്ടായി. കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഞങ്ങളുടെ സഹപ്രവർത്തകർക്കുൾപ്പെടെ പരുക്കേറ്റു. സമരത്തിന് ഒത്തുകൂടിയിരുന്നവർ പരിഭ്രാന്തരായി ഓടുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും ജന്തർ മന്തറിലെ മതിൽ ഇടിഞ്ഞു; അതു പ്രതിഷേധക്കാരുടെ പുറത്തേക്കു വീണു. 23 ദിവസം നിരാഹാരത്തിലായിരുന്നെന്ന പരിഗണനപോലും തരാതെ പൊലീസ് ഞങ്ങളുടെ ക്യാംപിൽ അതിക്രമം നടത്തി. ശരീരസ്ഥിതി തീർത്തും വഷളായപ്പോൾ ഞാനുൾപ്പെടെ 3 പേരെ ആശുപത്രിയിലേക്കു മാറ്റി. ഇത്രയേറെ യാതനകൾ അനുഭവിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽനിന്നു ഞങ്ങൾ ഒരടി പിന്നോട്ടില്ല. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഈ പ്രക്ഷോഭം അടിച്ചമർത്താം എന്ന ധാരണയും കേന്ദ്രസർക്കാരിനു വേണ്ട.









