Headlines

വാൻസിന് വീട് അന്വേഷിക്കാൻ വരെ ഹെലികോപ്റ്റർ; വാർത്ത ചോർത്തി നൽകിയ സീക്രട്ട് സർവീസ് ഏജന്റിന് സസ്പെൻ‌ഷൻ

 

വാഷിങ്ടൻ ∙ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സുരക്ഷാ വിഭാഗത്തിലെ സീക്രട്ട് സർവീസ് ഏജന്റിനെ സസ്‌പെൻഡ് ചെയ്തു. വാൻസിന്റെ യാത്രാ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന സിഎൻഎൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാൻസിന്റെ പെട്ടെന്നുള്ളതും വ്യക്തിപരവുമായ യാത്രാ ആവശ്യങ്ങൾ കാരണം സുരക്ഷാ ഉദ്യോഗസ്ഥർ കടുത്ത അതൃപ്തിയിലാണെന്നാണ് മാധ്യമ റിപ്പോർട്ട്.വാൻസ് തന്റെ മകനെ ഗോൾഫ് ക്ലാസിനു കൊണ്ടുപോകാനായി സൈനിക ഹെലികോപ്റ്ററായ ‘മറൈൻ ടു’ ഉപയോഗിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മോശം കാലാവസ്ഥ കാരണം ഈ യാത്ര പിന്നീട് റദ്ദാക്കി. വാൻസും ഭാര്യ ഉഷ വാൻസും വീട് അന്വേഷിക്കുന്നതിനായി വെർജീനിയയിലേക്ക് ഒന്നിലധികം തവണ ഹെലികോപ്റ്റർ യാത്രകൾ നടത്തിയതായും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇത്തരം യാത്രകൾക്ക് വൈറ്റ് ഹൗസ് മിലിട്ടറി ഓഫിസിന്റെ അനുമതി ആവശ്യമാണ്. പെന്റഗണിന്റെ 2022 ലെ ബജറ്റ് കണക്കുകൾ പ്രകാരം, ഈ ഹെലികോപ്റ്റർ സർവീസ് നടത്തുന്നതിനു നികുതിദായകരുടെ പണത്തിൽ നിന്ന് മണിക്കൂറിൽ 16,000 മുതൽ 24,600 ഡോളറാണ് ചെലവ് വരുന്നത്. വിവരങ്ങൾ മാധ്യമങ്ങളിൽ വന്നതിനെത്തുടർന്ന് സീക്രട്ട് സർവീസും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിരുന്നു. നിലവിൽ ഏജന്റിന്റെ സെക്യൂരിറ്റി ക്ലിയറൻസ് റദ്ദാക്കുകയും ഓഫിസ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഏജന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുമോ അതോ വകുപ്പുതല അച്ചടക്ക നടപടി മാത്രമായിരിക്കുമോ സ്വീകരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.