കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ സമരം തകർക്കാൻ ബിജെപി ഗുണ്ടകളെ അയയ്ക്കുന്നെന്ന ആരോപണവുമായി സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ. സമരത്തിൽ ഗുണ്ടകൾ നുഴഞ്ഞു കയറുന്നു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും അഭിജീത് ദീപ്കെ പറഞ്ഞു. ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ലെന്നും അവർക്ക് ജന്തർ മന്തറിലേക്ക് വരാമെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു.
സംഘർഷത്തിന് പിന്നിൽ നുഴഞ്ഞുകയറ്റക്കാരാണെന്ന് അഭിജിത്ത് ആരോപിച്ചു. പ്രതിഷേധം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കിടയിലേക്ക് ഗുണ്ടകളെ ഇറക്കിവിടുന്നു. ബിജെപി ഗുണ്ടകൾ മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അഭിജിത്ത് ദീപ്കെ പറഞ്ഞു.അതേസമയം കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക് കടന്നു. ഡൽഹി ജന്തർമന്തറിലെ സമരവേദി നിറഞ്ഞ് യുവാക്കൾ. ജന്തർമന്തർ ഉൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചു. സിജെപിയുടെ ആവശ്യങ്ങൾ ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ചോദ്യപേപ്പർ ചോർച്ചയും , യുവാക്കൾക്കെതിരായ പോലീസ് നടപടിയിലും പ്രതിഷേധം ശക്തമായി തുടരാനാണ് കോൺഗ്രസ് തീരുമാനം.









