Headlines

പ്രതിസന്ധിയിലും പ്രതിദിനം 51 ലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടെന്നു വച്ച് കെഎസ്ഇബി

 

കൊച്ചി ∙ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ നാളുകളിൽ കെഎസ്ഇബി പ്രതിദിനം 51 ലക്ഷം യൂണിറ്റിലേറെ വൈദ്യുതി വേണ്ടെന്നു വയ്ക്കുന്നു. ഈമാസം മാത്രം 1034.37 ലക്ഷം യൂണിറ്റ് വൈദ്യുതിയാണു സറണ്ടർ ചെയ്തത്. കേന്ദ്ര പൂളിൽ നിന്നും കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നും സംസ്ഥാനത്തിനുള്ള വിഹിതമായി നിസ്സാര വിലയ്ക്കു കിട്ടുന്ന ഇൗ വൈദ്യുതി വേണ്ടെന്നു വച്ചാണു ഉപയോഗം കൂടുതലുള്ള രാത്രികാലങ്ങളിൽ യൂണിറ്റിനു 10 രൂപയ്ക്കു വരെ വൈദ്യുതി വാങ്ങുന്നത്. മഴ കൂടുതലായി ലഭിച്ച മുൻ വർഷങ്ങളിലും കെഎസ്ഇബി ഇങ്ങനെ വൈദ്യുതി വേണ്ടെന്നു വച്ചിട്ടാണു ആവശ്യകത ഉയർന്ന സമയത്തു കോടിക്കണക്കിനു രൂപ അധികം നൽകി വൈദ്യുതി വാങ്ങിയിരുന്നത്.ഇതിന്റെ ഭാരം മുഴുവൻ ഉപയോക്താക്കൾ വഹിക്കേണ്ടി വന്നു. 5 വർഷത്തിലേറെയായി നേരിടുന്ന പ്രശ്നത്തിനു ഇതുവരെ പരിഹാരം ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും വൈദ്യുതി വാങ്ങുന്നതിനു ദീർഘകാല കരാറൊപ്പിടാൻ ധൃതി വയ്ക്കുകയാണു കെഎസ്ഇബിയെന്നാണ് ആക്ഷേപം.പകൽ നാഷനൽ പവർ എക്സ്ചേഞ്ചിൽ യൂണിറ്റിന് 20–30 പൈസ വരെ വില താഴുന്ന വൈദ്യുതിയാണു കൂടിയ വിലയ്ക്കു 24 മണിക്കൂർ സപ്ലൈ കരാർ ഉറപ്പിക്കുന്നത്. ഈ വൈദ്യുതി കൂടി വരുന്നതോടെ സറണ്ടർ ചെയ്യുന്ന വൈദ്യുതിയുടെ അളവ് ഇനിയും കൂടും.