ന്യൂഡൽഹി ∙ നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ച, സിബിഎസ്ഇ 12–ാം ക്ലാസ് മൂല്യനിർണയത്തിലെ കുഴപ്പങ്ങൾ തുടങ്ങി വിദ്യാഭ്യാസ വകുപ്പിനു പല വീഴ്ചകൾ സംഭവിച്ചിട്ടും കൂസാതിരുന്ന കേന്ദ്രസർക്കാരിനെ വിറപ്പിച്ച് വിദ്യാർഥികൾ. സിജെപി തുടങ്ങിയ പ്രതിഷേധത്തെ നിസ്സാരവൽക്കരിച്ച കേന്ദ്രം, അവഗണിച്ച് ഇല്ലാതാക്കാനാണ് ആദ്യം ശ്രമിച്ചത്. പ്രതിഷേധക്കാർക്കു സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണയെ ‘ജെൻ സീ കലാപം’ എന്നു പരിഹസിക്കാനും ഫോളോവർമാരിൽ ഏറെയും പാക്കിസ്ഥാനിൽ നിന്നുള്ളവരെന്നാരോപിച്ച് തെറ്റിദ്ധരിപ്പിക്കാനും ബിജെപി ശ്രമിച്ചു. എന്നാൽ, വിദ്യാഭ്യാസപ്രവർത്തകൻ സോനം വാങ്ചുക് ജന്തർമന്തറിൽ നിരാഹാര സമരം തുടങ്ങിയതോടെ സ്ഥിതി മാറി.പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ പ്രഖ്യാപിച്ചതോടെ കേന്ദ്രം തിരക്കിട്ടു പ്രതിരോധം തുടങ്ങി. ഡൽഹി പൊലീസ് കമ്മിഷണറെ മാറ്റി. തൊട്ടുപിന്നാലെ, മഫ്തിയിലെത്തിയ പൊലീസ് സംഘം വാങ്ചുകിനെ ബലമായി ആശുപത്രിയിലേക്കു മാറ്റി. ഈ നീക്കം പ്രതിഷേധം കടുപ്പിക്കാനേ ഉപകരിച്ചുള്ളൂ. ഇന്നലെ രാവിലെ മുതൽ റോഡുകൾ അടച്ചും മെട്രോ ട്രെയിനുകൾ പാർലമെന്റ് പരിസരത്തെ സ്റ്റേഷനുകളിൽ നിർത്താതെയും പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിച്ചു. എന്നാൽ, വിദ്യാർഥികൾ സകലവഴികളിലൂടെയും ഇരച്ചെത്തി. ഇക്കാര്യം മനസ്സിലാക്കാൻ പൊലീസിനു മുൻകൂട്ടി കഴിഞ്ഞതുമില്ല.∙ സിജെപിയുമായി ചർച്ച നടത്തി ജെ.പി.നഡ്ഡ
പാർലമെന്റ് മാർച്ചിനു പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താക്കളെ കേന്ദ്ര സർക്കാർ ചർച്ചയ്ക്കു വിളിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിജെപി സമരം തുടങ്ങി ഒന്നര മാസത്തിനു ശേഷമാണ് ചർച്ച നടക്കുന്നത്. കേന്ദ്രമന്ത്രിയും ബിജെപി മുൻ അധ്യക്ഷനുമായ ജെ.പി.നഡ്ഡയാണ് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുമായി ചർച്ച നടത്തിയത്. സമരം അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ അഭ്യർഥന. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പിന്മാറില്ലെന്നു സിജെപി നേതാക്കൾ വ്യക്തമാക്കി.ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിനു പുറമേ മറ്റു 2 ആവശ്യങ്ങൾ കൂടി ഉൾപ്പെടുന്ന കത്ത് മന്ത്രിക്കു നൽകി. നിരാഹാര സമരത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനെ വിട്ടയയ്ക്കുക, നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്ത എല്ലാ വിദ്യാർഥികൾക്കും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നിവയാണു മറ്റ് ആവശ്യങ്ങൾ. ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ സമാധാനപൂർണമായ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.∙ ഒഴിപ്പിച്ച വേദിയിൽ തിരികെയെത്തി ദിപ്കെയും സംഘവും
വൈകിട്ട് ഒഴിയേണ്ടിവന്ന സമരവേദിയിൽ അഭിജീത് ദിപ്കെയും സംഘവും രാത്രി തിരിച്ചെത്തിയതോടെ ജന്തർ മന്തറിൽ നാടകീയരംഗങ്ങൾ. വൈകിട്ട് ലാത്തിച്ചാർജ് അടക്കം നടത്തി ബലപ്രയോഗത്തിലൂടെയാണ് സിജെപി പ്രവർത്തകരെ പൊലീസ് നീക്കിയത്. സ്റ്റേജ് പൊളിക്കുകയും ചെയ്തു. പിന്നീട് കേരള ഹൗസിനു സമീപത്തു തുടരുകയായിരുന്ന സമരക്കാർ പ്രതിഷേധമാർച്ചായാണ് രാത്രി ഒൻപതരയോടെ ജന്തർമന്തറിൽ തിരികെയെത്തിയത്. പൊലീസ് പൊളിച്ച സ്റ്റേജ് കയ്യടക്കിയ സമരക്കാർ, ബാനറുകളടക്കം പുനഃസ്ഥാപിച്ച് സമരം തുടർന്നു. വൈദ്യുതി ഇല്ലാത്തതിനാൽ സമരവേദിയിലാകെ ഇരുട്ടായിരുന്നു. സർക്കാരിൽനിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണു സമരം ശക്തമാക്കുന്നതെന്നു സിജെപി നേതാക്കൾ പറഞ്ഞു.









