മുഖ്യമന്ത്രിയും KSU സംസ്ഥാന അധ്യക്ഷനും ഒരേ പരിപാടിയിൽ. മുഖ്യമന്ത്രിയെ അടുത്ത് പോയി കാണാൻ ശ്രമിച്ച് അലോഷ്യസ് സേവ്യർ. മുഖം കൊടുക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. തേവര സേക്രട്ട് ഹാർട്ട് കോളേജ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് മുൻ വിദ്യാർഥികളായ ഇരുവരും പങ്കെടുത്തത്.
പഠിച്ച കോളേജിലേക്ക് വരുമ്പോൾ ‘നൊസ്റ്റു’ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പഠനകാലയളവിലെ കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നു. എന്നാൽ മാധ്യമങ്ങൾ നിൽക്കുകയാണ്. പറഞ്ഞാൽ ഒരു വർഷത്തേക്ക് അതാകും വാർത്തകൾ. നല്ലതും ചീത്തയുമായ കാര്യങ്ങൾ ഒരുപാടുണ്ട്. തെങ്ങിൽ കയറാൻ അറിയാമായിരുന്നു. താൻ തെങ്ങിൽ കയറിയത് അച്ഛൻ ബൈനോകുലർ വെച്ച് നോക്കി കൊണ്ട് ഇരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഗവണ്മെന്റ് പ്ലീഡര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകുന്നു. പ്ലീഡര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍ കാണാന്‍ അനുമതി തേടിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് അനുമതി ലഭിക്കാതിരുന്നതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും, വിഷയം പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
എസ്എഫ്ഐ മുന്‍ പ്രവര്‍ത്തകയായ ജിയോണ ജെയിംസ്, ആര്‍എസ്എസ് ബന്ധം ആരോപിക്കപ്പെടുന്ന ഡിഎസ് ശരത് എന്നിവരെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാരായി നിയമിച്ചതിനെതിരെയാണ് കെഎസ്യു പ്രതിഷേധം ഉയര്‍ത്തിയത്. എന്നാല്‍, ‘ഗവണ്മെന്റ് പ്ലീഡര്‍മാരെ നിശ്ചയിക്കുന്നതില്‍ കെഎസ്യുവിന് എന്താണ് കാര്യം?’ എന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമര്‍ശം കെഎസ്യു പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.









