Headlines

‘ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ച’; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടെന്ന് ഡോണൾഡ് ട്രംപ്

 

വാഷിങ്ടൻ ∙ 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന വൻതോതിൽ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിവരച്ചോർച്ചയാണ് ചൈന നടത്തിയതെന്നും, ഇതിലൂടെ 22 കോടി അമേരിക്കൻ വോട്ടർമാരുടെ രഹസ്യവിവരങ്ങൾ അവർ നിയമവിരുദ്ധമായി കൈക്കലാക്കിയെന്നും ട്രംപ് ആരോപിച്ചു. യുഎസ് തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ ഞെട്ടിക്കുന്ന സുരക്ഷാവീഴ്ചകൾ തുറന്നുകാട്ടുന്ന രേഖകൾ താൻ രഹസ്യവിഭാഗത്തിൽ നിന്ന് ഒഴിവാക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ഓഫ് നാഷണൽ ഇന്റലിജൻസിനും എഫ്ബിഐക്കും ട്രംപ് നിർദേശം നൽകി. വിവരച്ചോർച്ച രാജ്യം ഇതുവരെ കാണാത്തത്ര വലിയ തിരഞ്ഞെടുപ്പ് സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2020 ലെ തിരഞ്ഞെടുപ്പിൽ ചൈന അട്ടിമറി നടത്തിയതിനു യാതൊരു തെളിവുമില്ലെന്ന യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ മുൻ വിലയിരുത്തലുകളെ തള്ളിയാണ് ട്രംപിന്റെ പുതിയ നീക്കം. ചൈനയുടെ ഇടപെടലുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ മനപൂർവം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് ട്രംപിന്റെ പുതിയ വാദം.ട്രംപിന്റെ ആരോപണങ്ങൾ ചൈന ശക്തമായി നിഷേധിച്ചു. ‘‘അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ഒരിക്കലും ഇടപെട്ടിട്ടില്ല, ഇനി ഇടപെടുകയുമില്ല’’ – ചൈനീസ് എംബസി വക്താവ് ലിയു ചാങ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. വിഷയത്തിൽ ചൈനയുടെ പങ്കിനെക്കുറിച്ചുള്ള രേഖകൾ ഉടൻ പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കുമെന്ന് സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു. നമ്മുടെ ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് സുതാര്യതയെയും വിദേശ ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കുക എന്നത് പരമപ്രധാനമാണെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.