കോഴിക്കോട് ∙ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്ലൈ ബസ് വെള്ളിയാഴ്ച മുതൽ സർവീസ് തുടങ്ങും. കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ ഫ്ലൈ ബസ് സർവീസാണ് ഇത്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സർവീസ്. 41 സീറ്റുള്ള സെമി സ്ലീപ്പർ എസി ബസ് ഉപയോഗിച്ചാണ് സർവീസ്.ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്ന് യാത്ര തുടങ്ങി രണ്ടാം ടെർമിനലിലെ യാത്രക്കാരെയും കയറ്റിയാകും യാത്ര തുടങ്ങുക. ബെംഗളൂരുവിൽ നിന്നും രാത്രി 10:45 പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തും. മൈസൂരു: 02:45, ഹുൻസൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കൽപറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണ് മറ്റു സ്റ്റോപ്പുകളിലെ സമയക്രമം. കോഴിക്കോട് നിന്നും രാത്രി 07:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലർച്ചെ 05:15 ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തും. ബെംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ്പ് ഉണ്ടാകും. കൽപറ്റ: രാത്രി 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹൻസൂർ: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണ് മടക്കയാത്രയിൽ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.ബെംഗളൂരു-കോഴിക്കോട് യാത്രയ്‌ക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്. മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടും. നിലവിൽ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മൈസൂരു, മടിക്കേരി, കുന്ദാപുര എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരുവിൽ വിമാനമിറങ്ങി നാട്ടിലെത്താൻ വലിയ തുക മുടക്കി ടാക്സി വിളിക്കുന്നവർക്ക് ഈ ബസ് സർവീസ് സഹായകമാകുമെന്നാണ് വിലയിരുത്തൽ. ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി കേരളത്തിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ഗതാഗതക്കുരുക്കിലും മറ്റും നിലവിൽ രണ്ടു മണിക്കൂറോളം സമയം എടുക്കാറുണ്ട്. അത് ഒഴിവാക്കാനും ഫ്ലൈ ബസ് സഹായകമാകുമെന്നാണ് പ്രതീക്ഷ. www.ksrtc.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് കർണാടക ആർടിസി ലെയ്സൺ ഓഫിസർ ജി.പ്രശാന്ത് അറിയിച്ചു.






