കോഴിക്കോട് ∙ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി.എ.മുഹമ്മദ് റിയാസ് എംഎൽഎ. മതസമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ എതിർത്തിട്ടില്ല. വിദ്വേഷ പ്രചാരകരെന്ന് ബ്രാൻഡ് ചെയ്യപ്പെട്ടവരെ മുഖ്യമന്ത്രി വെള്ളപൂശുകയാണെന്നും റിയാസ് പറഞ്ഞു.പ്ലീഡർ നിയമനത്തിൽ സംഘപരിവാറുകാരനെ നിയമിച്ചതിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഇതുസംബന്ധിച്ച് കെഎസ്‌യു ഉന്നയിച്ച ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തി. ലോയേഴ്സ് കോൺഗ്രസിന്റെ പട്ടിക അനുസരിച്ചാണ് പ്ലീഡർ നിയമനം നടത്തിയത്. ഇത് സ്വജനപക്ഷപാതമാണ്. പ്ലീഡർമാരെ തീരുമാനിക്കുന്നതിന് അഡ്വക്കറ്റ് ജനറൽ കാര്യങ്ങൾ ചെയ്യുന്നതിനു പകരം സംഘടനയുടെ ലെറ്റർ പാഡ് നോക്കിയാണ് നിയമനം. എങ്ങനെയാണ് എബിവിപി നേതാവ് പ്ലീഡർ പട്ടികയിൽ ഉൾപ്പെട്ടത്. ഞങ്ങളോട് ഇതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ല. എന്നാൽ കെഎസ്‌യു നേതാക്കളെ എങ്കിലും ബോധ്യപ്പെടുത്തണം.പിണറായി വിജയൻ മാസ്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ച എന്തായിരുന്നു എന്ന് എല്ലാവർക്കും അറിയാം. തലസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള സംഘർഷം ചർച്ച ചെയ്യാനാണ് അന്ന് പോയത്. കെപിസിസി സെക്രട്ടറിക്കും കെഎസ്‌യു നേതാക്കൾക്കും മുഖ്യമന്ത്രി കാണാൻ അവസരം നൽകുന്നില്ല. എന്നാൽ വിദ്വേഷ പ്രചാരകരെ കാണാൻ മുഖ്യമന്ത്രി തയാറാകുന്നു. കെപിസിസി സെക്രട്ടറിക്കും കെഎസ്‌യു നേതാക്കൾക്കും മുകളിലാണോ വിദ്വേഷ പ്രചാരകരുടെ സ്ഥാനമെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.






