നോയിഡ ∙ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് നിലയുള്ള പാർപ്പിട സമുച്ചയത്തിലെ പാർക്കിങ് ഏരിയയിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽനിന്നാണ് തീ പടർന്നതെന്നാണ് സംശയം. സ്കൂട്ടറിൽനിന്നും തീ അടുത്ത് പാർക്ക് ചെയ്ത വാഹനങ്ങളിലേക്ക് പടരുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. അപകടം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയും കടുത്ത പുകയിൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന നൂറോളം പേരെ അതിവേഗം പുറത്തേക്ക് കൊണ്ടുവരികയും ചെയ്തു. കെട്ടിടത്തിനു ചുറ്റുമുള്ള ഏകദേശം 50 കുടുംബങ്ങളെ അപകടത്തെ തുടർന്ന് ഒഴിപ്പിച്ചു.പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ച രണ്ട് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നോയിഡ ഫേസ്-3 പൊലീസ് കേസെടുത്തു. സംഭവത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.






