വിയറ്റ്‌നാമിലുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലൗനി തോമസ് എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. മുംബൈ വിമാനത്താവളത്തിൽ നിന്നും നാളെ രാവിലെ 6 :30ന് പുറപ്പെടുന്ന എയർ ഇന്ത്യ (AI 2605) വിമാനത്തിൽ രാവിലെ 08:50-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും.
അപകടത്തിൽ മരണപ്പെട്ട മറ്റ് 13 ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ എത്തിക്കും. അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷ മുൻകരുതൽ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെ അപകടത്തിൽ അകപ്പെട്ട ബോട്ടിൻ്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് ജാക്കറ്റുകൾ പോലും ലഭ്യമാക്കാതെ ഗുരുതരമായ വീഴ്ച ബോട്ട് കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നാണ് കണ്ടെത്തൽ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഇന്ത്യൻ അധികാരികൾക്ക് വിയറ്റ്നാം സർക്കാർ വാക്കു നൽകിയിരിക്കുന്നത്.









