Headlines

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം

 

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സിപിഐ.പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നതാണ് പരിഗണനയിലുളളത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തില്‍ പിന്നോട്ട് പോകേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ നാളെയാണ് സിപിഐഎം സിപിഐ ചര്‍ച്ച. (CPI to initiate legal action regarding the Vizhinjam share transfer)

 

 

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കണമെന്ന വികാരമാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉണ്ടായത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കരാറില്‍ ഓഹരി കൈമാറ്റത്തിന് സഹായകമായ എന്തെങ്കിലും വ്യവസ്ഥകളുണ്ടോയെന്ന് പരിശോധിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഓഹരി കൈമാറ്റത്തിലെ പൊതുപ്രശ്‌നം മുന്‍നിര്‍ത്തി നിയമനടപടികളിലേക്ക് കടക്കാനാണ് യോഗത്തിലെ ധാരണ. പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നതാണ് പരിഗണിക്കുന്നത്. നാളെത്ത സംസ്ഥാന എക്‌സിക്യൂട്ടിവില്‍ അന്തിമ തീരുമാനം എടുക്കും. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് നാളെ സിപിഐഎമ്മുമായി നടക്കുന്ന കൂടിക്കാഴ്ചയും സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തു.പാര്‍ട്ടി മുന്നോട്ടുവെച്ച ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് തീരുമാനം.സെപ്റ്റംബര്‍ 1ന് നടക്കുന്ന ഡല്‍ഹി ചലോ സമര പരിപാടിയില്‍ സംസ്ഥാനത്ത് നിന്ന് 1700 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ഇത്രയും പേരെ ഡല്‍ഹിയില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്തു. ഓഗസ്റ്റ് 28ന് തിരുവനന്തപുരത്ത് നിന്നാണ് സിപിഐയുടെ സ്‌പെഷ്യല്‍ ട്രെയിന്‍.