എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എന്‍എസ്എസിനോടും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരോടും ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂവെന്നും അദ്ദേഹം ഉറപ്പുനല്‍കി. (bjp is not against g sukumaran nair says rajeev chandrasekhar)
ജി സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും അത് വസ്തുതാവിരുദ്ധമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഉപരാഷ്്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ജി സുകുമാരന്‍ നായരെ വിമര്‍ശിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ:
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി” എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്. എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല. എന്നു മാത്രമല്ല ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ശ്രീ ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലേക്കെത്തിയ എനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കിയയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. ഏറെ വ്യക്തിപരമായ അടുപ്പവും അദ്ദേഹവുമായി എനിക്കുണ്ട്. ലക്ഷക്കണക്കിന് വരുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂ.








