Headlines

നാല് ദിവസമായി ഫോണില്‍ വിളിച്ച് കിട്ടുന്നില്ല; വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

 

പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. ഷൊര്‍ണൂര്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. വാണിയംകുളം വെള്ളാരംപാറ കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്‌കര്‍, ഭാര്യ രമാദേവി, വിഷ്ണു എന്നിവര്‍ക്കായാണ് അന്വേഷണം.

 

 

ശര്‍ക്കര വ്യാപാരിയായ ബാബു ഭാസ്‌കറും, ഭാര്യയും മകനും ഉള്‍പ്പെടുന്ന കുടുംബം വാണിയംകുളം വെള്ളാരംപാറയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ നാലുദിവസമായി ബന്ധുക്കള്‍ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ ബന്ധപ്പെടുകയായിരുന്നു. അയല്‍വാസികള്‍ വന്ന് നടത്തിയ പരിശോധനയിലാണ് വീട് പൂട്ടിയിട്ടതായി കാണുന്നത്. അങ്ങനെ ഇവര്‍ പൊലീസില്‍ ബന്ധപ്പെട്ടു. ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി വീട് തുറന്നു പരിശോധിച്ചുനോക്കി. അസ്വഭാവികമായെന്നും കണ്ടെത്താനായില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

ബാബു ഭാസ്‌കരനുള്ള രണ്ട് പിക്കപ്പ് വാഹനങ്ങളില്‍ ഒന്ന് വീടിനു മുന്നില്‍ കാണാതായതോടെ റോഡിലെ സിസിടിവി ക്യാമറകള്‍ കൂടി പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ച പിക്കപ്പ് വാഹനം പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. പൊലീസ് മറ്റ് സിസിടിവി ക്യാമറകള്‍ കൂടി പരിശോധിച്ചുവരികയാണ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന പനയൂര്‍ ആണെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ആത്മീയ കേന്ദ്രങ്ങളിലേക്കോ മറ്റോ പോയതാകാനുള്ള സാധ്യതയാണ് നിലവില്‍ കാണുന്നത്. ഇവരെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് കുടുംബം.