Headlines

റിസോർട്ട് നിർമാണത്തിനെത്തിയ തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു

 

കൊച്ചി ∙ മുളന്തുരുത്തിക്ക് സമീപം ആമ്പല്ലൂർ പഞ്ചായത്തിലെ ഞണ്ടുകാട് തുരുത്തിൽ റിസോർട്ട് നിർമാണത്തിനെത്തിയ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. മയ്യനാട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 6 മണിക്കും രാത്രി 11 മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മുജീബിന്റെ സഹപ്രവർത്തകരും തിരുവനന്തപുരം സ്വദേശികളുമായ രാജു, രഞ്ജിത്ത്, സുമേഷ് എന്നിവരെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മുജീബിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവർ ജോലിയെടുത്തു കൊണ്ടിരുന്ന റിസോർട്ട് ചട്ടങ്ങൾ ലംഘിച്ചാണ് നിർമിച്ചുകൊണ്ടിരുന്നതെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.ഞണ്ടുകാട് തുരുത്തിലെ ‘ചാക്കനാട്ട് ഹൗസ്’ എന്ന പഴയ വീട് റിസോർട്ടാക്കി മാറ്റുന്ന ജോലികൾക്കായാണ് ഇവർ നാലുപേരും ഇവിടെ താമസിച്ചിരുന്നത്. സംഭവദിവസം രാത്രി പാടശേഖരത്തിന് സമീപത്തെ ഷെഡിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ നിർമാണ സൈറ്റിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് മുജീബിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ മുജീബിനെ അവിടെത്തന്നെ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചത്. രാത്രി തന്നെ പൊലീസ് പ്രതികളെ പിടികൂടി. മുൻപ് മുജീബുമായി പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും അതിന്റെ ബാക്കിയായി നടന്ന കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. തീരദേശ നിയന്ത്രണ മേഖലയിലെ മാനദണ്ഡങ്ങൾ പാടേ ലംഘിച്ചാണ് കോണോത്തുപുഴയുടെ തീരത്തുള്ള ഈ തുരുത്തിൽ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോയിരുന്നത് എന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. സിആർഎസ് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിക്കുന്ന ഈ കെട്ടിടത്തിനെതിരെ ആമ്പല്ലൂർ പഞ്ചായത്ത് നേരത്തെ തന്നെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഉത്തരവുകൾ ലംഘിച്ചുകൊണ്ട് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. പ്രദേശവാസിയായ ഒരാളുടെ വീട് പാട്ടത്തിനെടുത്ത് റിസോർട്ടാക്കി മാറ്റുന്ന ജോലികളാണ് ഇവിടെ നടന്നുകൊണ്ടിരുന്നത്.