വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ നടത്തിപ്പുകാരുടെയും കരാറുകാരുടെയും സർക്കാർ വകുപ്പുകളുടെയും ഭാഗത്ത് അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ. വയനാട് ജില്ലാ കളക്ടർ, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കാലവർഷം ശക്തി പ്രാപിക്കുന്ന വേളയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് നിർമ്മാണം തുടർന്നതാണ് അപകടത്തിന് കാരണമെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കണമെന്നും അപകടത്തിന് ഇരയായവരുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രതികൂല കാലാവസ്ഥയിൽ ഖനന പ്രവർത്തനങ്ങൾ തടയണമെന്നും ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനടിസ്ഥാനത്തിൽ സുരക്ഷാ പ്രോട്ടോക്കോളിന് രൂപം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവർത്തനം ദുഷ്കരം. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും. കാണാതായവർ മണ്ണിനടിയിൽ തന്നെയെന്ന നിഗമനത്തിൽ എൻഡിആർഎഫും ഫയർ ഫോഴ്സും. മണ്ണ് പൂർണമായി മാറ്റാൻ മൂന്ന് ദിവസം എടുക്കുയുമെന്ന് ഫയർഫോഴ്സ്. നിലവിൽ സമീപ പ്രദേശത്തെ തോടുകൾ ഉൾപ്പടെ തെരിച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താൻ ആയില്ല. അതേസമയം ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.









