തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് തോൽവിയിൽ, സ്ഥാനാർഥികളായ മുൻമന്ത്രി ജെ.ചിഞ്ചുറാണിയെയും (ചടയമംഗലം) വി.ആർ.സുനിൽകുമാറിനെയും (കൊടുങ്ങല്ലൂർ) തള്ളിപ്പറഞ്ഞ് സിപിഐ സംസ്ഥാന കൗൺസിലിന്റെ റിവ്യൂ റിപ്പോർട്ട്. മന്ത്രിയായിരുന്നപ്പോൾ മണ്ഡലത്തിലെ ചില പാർട്ടി അംഗങ്ങളുമായി ചിഞ്ചുറാണിക്കുണ്ടായ അകൽച്ച തോൽവിക്കു കാരണമായെന്നാണു കണ്ടെത്തൽ. സ്ഥാനാർഥിക്കു വേണ്ടിയിരുന്ന ‘മുൻകൈ ഇല്ലായ്മ’യാണ് സുനിൽകുമാറിൽ കണ്ടെത്തിയ കുറ്റം. സംസ്ഥാനതല അവലോകന റിപ്പോർട്ടിൽ സ്ഥാനാർഥികളെക്കുറിച്ച് അതൃപ്തി രേഖപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. 25 സീറ്റിൽ മത്സരിച്ച സിപിഐ 8 സീറ്റിലാണ് ജയിച്ചത്. 9 സിറ്റിങ് സീറ്റുകൾ പാർട്ടി കൈവിട്ടു.
വിവിധ മണ്ഡലങ്ങളിലെ തോൽവിക്ക് പാർട്ടി സ്വയം പഴിക്കുന്നത് ഇങ്ങനെ:
∙കരുനാഗപ്പള്ളി: സിപിഎമ്മും സിപിഐയും വലിയ തോതിലുള്ള സംഘടനാപ്രശ്നങ്ങൾ നേരിട്ടു. നിലവിലുള്ള യുഡിഎഫ് എംഎൽഎക്കെതിരെ കാര്യമായ വിമർശനം ഉയർത്താനായില്ല.
∙ചാത്തന്നൂർ: രണ്ടു തവണ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം എന്നതു കണ്ടുകൊണ്ടുള്ള ജാഗ്രത സംഘടനാപ്രവർത്തനത്തിൽ ഉണ്ടായില്ല.
∙അടൂർ:എൽഡിഎഫ് വോട്ടുകൾ ചോർന്നു. ന്യൂനപക്ഷം യുഡിഎഫിന് അനുകൂലമായി.
∙വൈക്കം: പരമ്പരാഗത വ്യവസായ തൊഴിലാളികളുടെ അതൃപ്തി, കർഷകരുടെ പ്രതിഷേധം എന്നിവയും പരാജയത്തിന് കാരണം. മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങളും തടസ്സമായി.
∙ പീരുമേട്: എൽഡിഎഫ് വോട്ടിൽ വലിയ ചോർച്ച. സംഘടനാപ്രശ്നങ്ങൾ തീർക്കുന്നതിൽ പരാജയം.
∙ഹരിപ്പാട്: മത്സരിക്കുന്ന പാർട്ടിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിയാത്തവരായി നേതൃത്വം മാറി. സിപിഎമ്മുകാർ അമ്പലപ്പുഴ കേന്ദ്രീകരിക്കാനായി പോയി.
∙നാദാപുരം: മണ്ഡലത്തിന്റെ വികസനത്തിൽ വഹിച്ച പങ്ക് ജനങ്ങളിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. സംഘടനാ ബലഹീനതകൾ പരിഹരിക്കാൻ ശ്രദ്ധിച്ചില്ല.






