Headlines

അയോധ്യ രാമക്ഷേത്രക്കൊള്ള: കോടിക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെട്ടു, ആരോപണവിധേയനായ ചമ്പത് റായുടെ രാജി അംഗീകരിച്ചതായി സൂചന

 

രാമജന്മഭൂമി ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ ആരോപണവിധേയനായ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ രാജി അംഗീകരിച്ചതായി സൂചന. രാമജന്മഭൂമി ട്രസ്റ്റിൻ്റെ നിർണായക യോഗം പുരോഗമിക്കുന്നു. ചമ്പത് റായും അനിൽ മിശ്രയും യോഗത്തിൽ പങ്കെടുക്കുന്നില്ല. രാമ ക്ഷേത്രത്തിൽ എത്തിയെങ്കിലും ചമ്പത് റായി യോഗത്തിൽ പങ്കെടുക്കുന്നില്ല. വലിയ തെറ്റ് സംഭവിച്ചു എന്ന് ട്രഷറർ ഗോവിന്ദ് ഗിരി യോഗത്തിൽ വിലയിരുത്തി.

 

 

കോടിക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെട്ടു. മുഴുവൻ സംവിധാനവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ട്രസ്റ്റ് അംഗങ്ങൾ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് യോഗത്തിൽ ഗോവിന്ദ് ഗിരി ആവശ്യപ്പെട്ടു. കോടികളുടെ തട്ടിപ്പ് നടന്നെന്ന കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിൽ മണിറാം ദാസ് ആശ്രമത്തിലാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ യോഗം നടക്കുന്നത്.പ്രത്യേക അന്വേഷണ സംഘത്തിൻ്റെയും അയോധ്യ പൊലീസിൻ്റെയും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യോഗം ചേരുന്നത്.

 

ചമ്പത് റായി യോഗത്തിൽ പങ്കെടുത്തേക്കില്ല. അദ്ദേഹത്തിൻ്റെയും ട്രസ്റ്റി അനിൽ മിശ്രയുടെയും രാജി ഇന്നത്തെ യോഗം അംഗീകരിക്കും. പകരം ആരെ നിയമിക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ആർഎസ്എസ് പശ്ചാത്തലമുള്ള ആത്മീയ നേതാവിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ ഈ പദവിയിലേക്ക് പരിഗണിച്ചേക്കും.

 

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ശക്തമായ മൊഴികളുണ്ടായിട്ടും ചമ്പത് റായി ഉൾപ്പെടെയുള്ള ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. എന്നാൽ പ്രധാന പ്രതികളായ ടിന്നു യാദവ്, അവിനാശ് ശുക്ല എന്നിവരുടെ ഫോണുകളുടെ ഫൊറൻസിക് പരിശോധന പൂർത്തിയായതോടെ ചമ്പത് റായിയുടെയും മറ്റ് ഭാരവാഹികളുടെയും ഇടപെടൽ വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ട്രസ്റ്റ് ഭാരവാഹികൾ നടത്തിയ ഭൂമി ഇടപാടുകളിലും വലിയ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന ഭൂമി പോലും കോടികൾ മുടക്കി വാങ്ങിയെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി.