ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിൽ സംഭാവനക്കൊള്ള ആരോപണം ഉയരുന്നതിനു തൊട്ടുമുൻപ് സിസിടിവി ക്യാമറകൾ മാറ്റിയതിൽ ദുരൂഹത. ഈ മാസം ഒന്നിനാണു ക്ഷേത്രപരിസരത്തെ 32 ക്യാമറകൾ മാറ്റിസ്ഥാപിച്ചത്. ഒരാൾ സംഭാവനയായി മെച്ചപ്പെട്ട ക്യാമറകൾ തന്നതിനാലാണ് അവ മാറ്റിസ്ഥാപിച്ചതെന്നാണു ബദരീനാഥ്–കേദാർനാഥ് ക്ഷേത്രകമ്മിറ്റി (ബികെടിസി) സിഇഒയുടെ വാദം. പഴയ ക്യാമറകളിലെ ദൃശ്യങ്ങൾ സുരക്ഷിതമാണെന്നും അന്വേഷണത്തിനായി അവ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സംഭാവനക്കൊള്ളയിൽ അന്വേഷണം ആരംഭിച്ചതായി ക്ഷേത്രസമിതി ചെയർമാൻ ഹേമന്ത് ദ്വിവേദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വഴിപാട് എണ്ണുമ്പോൾ മോഷണം നടന്നതിനു തെളിവുണ്ടെന്നു ഹിന്ദു സംഘടനയായ ഭൈരവ് സേനയുടെ സ്ഥാപക പ്രസിഡന്റ് സന്ദീപ് ഖത്രിയാണു ബികെടിസിക്കു പരാതി നൽകിയത്.







