ജറുസലം∙ അമേരിക്ക ഇസ്രയേലിന്റെ ശക്തമായ ഏക സഖ്യകക്ഷിയാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ അവകാശവാദത്തെ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്നവരിൽ ഇന്ത്യയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാൻ നയത്തെ പ്രതിരോധിച്ചുകൊണ്ട് ജൂണിൽ വാൻസ് നടത്തിയ പരാമർശങ്ങൾക്കാണ് നെതന്യാഹു മറുപടി നൽകിയത്. വാൻസിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിലയിരുത്തലിനോട് യോജിക്കുന്നില്ലെന്ന് നെതന്യാഹു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രയേലിന് പല രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു.‘വാൻസിനെ ബഹുമാനിക്കുന്നു. ഞങ്ങൾ വളരെ നല്ല ബന്ധത്തിലാണ്. എന്നാൽ അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നു എന്നതിനർഥമില്ല’–നെതന്യാഹു പറഞ്ഞു.
‘ ഞങ്ങൾക്ക് ഇന്ത്യയെപ്പോലെ മറ്റു ചില സുഹൃത്തുക്കളുമുണ്ട്. 140 കോടി ജനങ്ങളുള്ള ആ രാജ്യത്തു നിന്നു ഞങ്ങൾക്കു വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്റെ ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ കണ്ട് ഞാൻ അദ്ഭുതപ്പെടാറുണ്ട്’– നെതന്യാഹു കൂട്ടിച്ചേർത്തു. സ്വന്തം രാജ്യത്തെ രാഷ്ട്രീയ സമ്മർദങ്ങൾക്കിടയിലും പല സർക്കാരുകളും സ്വകാര്യമായി ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് തുടരുന്നുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.ഇസ്രയേലിനോട് അനുഭാവമുള്ള ലോകത്തിലെ ഏക ഭരണാധികാരി ഡോണൾഡ് ട്രംപ് മാത്രമാണ് എന്നായിരുന്നു വാൻസ് പറഞ്ഞത്. യുഎസിെന പരസ്യമായി വിമർശിക്കുന്നതിനെതിരെ അദ്ദേഹം നെതന്യാഹുവിന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. താൻ ഇസ്രയേൽ മന്ത്രിസഭയിലായിരുന്നെങ്കിൽ ഏക സഖ്യകക്ഷിയായ യുഎസിനെ വിമർശിക്കില്ലായിരുന്നു എന്നാണ് വാൻസ് പറഞ്ഞത്. ഇറാൻ വിഷയത്തിലും ലബനനിലെ സൈനിക നടപടികളെ ചൊല്ലിയും ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു വാൻസിന്റെ പ്രതികരണം. ഇതിനാണ്, യുഎസിലേക്ക് പോകുന്നതിനു മുൻപായി നെതന്യാഹു മറുപടി നൽകിയത്.








