Headlines

വാഹനമിടിച്ച് മൂന്നു വയസ്സുകാരിയുടെ മരണം: അപകടം കൺമുന്നിൽ; നിസ്സഹായരായി മാതാപിതാക്കൾ

 

കാട്ടാക്കട (തിരുവനന്തപുരം) ∙ പ്രിയ മകളുടെമേൽ വാഹനം കയറിയിറങ്ങുന്നതു നിസ്സഹായരായി കണ്ടുനിൽക്കാൻ മാത്രമേ അമ്മ നിഷയ്ക്കും അച്ഛൻ അനുപ്രസാദിനും കഴിഞ്ഞുള്ളൂ. നിമിഷങ്ങൾകൊണ്ട് എല്ലാം കഴിഞ്ഞു. വാഹനം ഉരുണ്ടു വരുന്നതു കണ്ട് മുതിർന്നവരെല്ലാം ഓടിമാറിയപ്പോൾ കുരുന്ന് ഋതുവേദയ്ക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.ഒപ്പമുണ്ടായിരുന്നവർ കുട്ടിയെ വലിച്ച് എടുക്കുമ്പോൾ തലയ്ക്കു ഗുരുതര പരുക്ക്. രക്തത്തിൽ കുളിച്ച കുട്ടിയെ പൂച്ചമുക്കിലെ ക്ലിനിക്കിൽ ആദ്യം എത്തിച്ചു. വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശം. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു കുട്ടി മരിച്ചിരുന്നു. ബോധംകെട്ടു വീണ അമ്മ നിഷ കാട്ടാക്കടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ വൈകിട്ട് 6നാണ് അപകടം. അനുപ്രസാദ് ഡ്രൈവറായ വാനിൽ എത്തിയ വിനോദസഞ്ചാര സംഘം, വാഹനത്തിൽ പാട്ടുവച്ച് പാലത്തിൽ നൃത്തംവയ്ക്കുന്നതിനിടെ, വാഹനം അവർക്കിടയിലേക്ക് ഉരുണ്ടെത്തുകയായിരുന്നു. മറ്റുള്ളവർ ഓടിമാറിയെങ്കിലും ഋതുവേദയുടെ മുകളിലൂടെ മുൻചക്രം കയറിയിറങ്ങി.

സുരക്ഷയില്ലാതെ കുമ്പിച്ചൽക്കടവ് പാലം

 

അവധി ദിവസങ്ങളിൽ വൻതോതിൽ വിനോദ സഞ്ചാരികൾ കുമ്പിച്ചൽ പാലത്തിലെത്തുന്നുണ്ട്. ഇവർക്ക് സുരക്ഷിതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യങ്ങളില്ല. പാലത്തിൽ മാത്രമാണ് സോളർ ലൈറ്റുകളുള്ളത്. ഇതിൽനിന്നു രാത്രിയിൽ മങ്ങിയ വെളിച്ചമാണുള്ളത്. രാത്രികളിൽ പാലത്തിന്റെ ഇരുവശവും നല്ല ഇരുട്ടിലായിരിക്കും. അമ്പൂരി പഞ്ചായത്ത് ഒരു സുരക്ഷാ ജീവനക്കാരനെ നിയമിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിനു പാലത്തിന്റെ ഇരുവശത്തുമുള്ള വാഹന പാർക്കിങ് ഉൾപ്പെടെ ജോലിഭാരമേറെയാണ്.കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും പാലത്തിന് ഇരുവശത്തും വൈദ്യുത വിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി വാഹനം മുന്നോട്ടു നീങ്ങിയപ്പോൾ, നേരെ താഴേക്ക് പോയാൽ അപകടത്തിന്റെ വ്യാപ്തി വർധിക്കുമായിരുന്നു.

 

താഴ്ഭാഗത്ത് സംഭരണിയുടെ കരയിൽ ഇരുനൂറോളം വിനോദസഞ്ചാരികളുണ്ടായിരുന്നു. വാഹനം താഴേക്കു വീഴുന്നത് ഒഴിവാക്കാൻ ഡ്രൈവിങ് സീറ്റിലിരുന്നയാൾ വാഹനം വലത്തോട്ട് തിരിച്ചതായിരിക്കും പാലത്തിന്റെ ഡിവൈഡറിൽ ഇടിച്ചുനിൽക്കാൻ കാരണമായതെന്നാണു പൊലീസിന്റെ നിഗമനം.