നിയമസഭയിലെ കരാറുകളിൽ നടപടി ക്രമക്കേട്; ഊരാളുങ്കലിന് വെട്ട്, തുക അനുവദിച്ച ഉത്തരവ് സ്പീക്കർ റദ്ദാക്കി

 

തിരുവനന്തപുരം ∙ നിയമസഭയ്ക്കുള്ളിൽ നടത്തിയ പ്രവൃത്തികളിൽ ഗുരുതരവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു തുക അനുവദിച്ച് ഇറക്കിയ ഉത്തരവുകളടക്കം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. സഭയിലെ ഡൈനിങ് ഹാൾ നവീകരിക്കാൻ അനുവദിച്ച 7.5 കോടി രൂപയുടെ കരാറും ഇക്കൂട്ടത്തിലുണ്ട്.ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലനച്ചുമതലയിൽനിന്ന് ഊരാളുങ്കലിനെ ഒഴിവാക്കി പകരം പൊതുമരാമത്ത് വകുപ്പിനു നൽകാനും നിർദേശിച്ചു. ഡേറ്റ സെന്ററിന്റെ വാർഷിക പരിപാലനച്ചുമതലയിൽനിന്നും ഊരാളുങ്കലിനെ നീക്കിയിട്ടുണ്ട്. കെൽട്രോണിനാണു പകരം ചുമതല.മുൻ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിനു ലഭിച്ച ആനുകൂല്യങ്ങളും കരാറുകളും വൻ അഴിമതിയിലേക്കു വിരൽചൂണ്ടുന്നവയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് സ്പീക്കറുടെ കർശന ഇടപെടൽ. വിശദ അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടേക്കും. നിയമസഭയിലെ നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയിൽ (ഇ നിയമസഭ) നേരത്തേ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു.

 

കോടികൾ ചെലവഴിച്ചു നിയമസഭാ പരിസരം നവീകരിക്കുന്നതിനു വിവിധ കരാറുകാർക്കായി അനുവദിച്ച പദ്ധതി നിർത്തിവയ്ക്കാൻ നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. അതിവേഗം ഭരണാനുമതി നൽകി എൽഡിഎഫ് സർക്കാർ ആദ്യഘട്ട തുക അനുവദിച്ച പദ്ധതിയാണിത്. മണ്ണ് പരിശോധനയ്ക്കായി മാത്രം 6 ലക്ഷം രൂപയാണു അനുവദിച്ചത്.നവീകരണം തന്നെ മുഖ്യം

 

വൻ വിലയുള്ള ഇറ്റാലിയൻ മാർബിളടക്കം ഉപയോഗിച്ച് സഭയിലെ ഡൈനിങ് ഹാൾ നവീകരിക്കാനായിരുന്നു ഊരാളുങ്കലിന് ലഭിച്ച കരാർ. വർഷത്തിൽ 10 ദിവസത്തിൽ താഴെ മാത്രമുപയോഗിക്കുന്ന ഹാൾ നവീകരിക്കാൻ ഇത്രയും തുക ചെലവാക്കേണ്ടതുണ്ടോയെന്ന ധനവകുപ്പിന്റെ ചോദ്യം അവഗണിച്ചായിരുന്നു എൽഡിഎഫ് സർക്കാർ കരാർ ഉറപ്പിച്ചത്. ഇതിനു പുറമേ, ലോക കേരള സഭ നടന്ന വേളയിൽ അതിഥികൾക്ക് 2 ദിവസത്തെ ഉച്ചഭക്ഷണം നൽകുന്നതിനു ഡൈനിങ് ഹാളിൽ എസി സ്ഥാപിച്ചതിനടക്കം 35 ലക്ഷം രൂപയുടെ ബിൽ വിവിധ കരാറുകാർ നിയമസഭാ സെക്രട്ടേറിയറ്റിനു നൽകിയിരുന്നു. ഇത്രയും ഭീമമായ തുക എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചും അന്വേഷണമുണ്ടാകും.