രാജ്യാന്തര ചലച്ചിത്ര മേളയുടെ പുരസ്‌കാര തുക വിദേശ അക്കൗണ്ടിലേക്ക് മാറി അയച്ച് വെട്ടിലായി കേരള ചലച്ചിത്ര അക്കാദമി.പതിമൂന്ന് ലക്ഷം രൂപ ഖജനാവില്‍ നിന്ന് നഷ്ടമായതിന്റെ 2024-25 ലെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചു. IFFK യിലെ ഏറ്റവും മികച്ച ചിത്രത്തിന് നല്‍കുന്ന സുവര്‍ണ്ണചകോരം സമ്മാന തുകയാണ് സ്വീഡിഷ് അക്കൗണ്ടിലേക്ക് മാറി അയച്ചത്. അക്കൗണ്ട് മാറിയെത്തിയ തുക സ്വീഡിഷ് പൊലീസ് പിടിച്ചെടുത്തതോടെ നഷ്ടമായ തുക ഓര്‍ത്ത് തലപുകയ്ക്കുകയാണ് സര്‍ക്കാരും ചലച്ചിത്ര അക്കാദമിയും
2024-25 ലെ കേരള ചലച്ചിത്ര അക്കാദമിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് 13 ലക്ഷം അക്കൗണ്ട് മാറി അയച്ചുവെന്നും തുക വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും രേഖപ്പെടുത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനധികൃതമായി അക്കൗണ്ടിലെത്തിയ തുക സ്വീഡിഷ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 2022 മാര്‍ച്ചില്‍ നടന്ന മേളയില്‍ മികച്ച ചിത്രത്തിന് നല്‍കുന്ന സുവര്‍ണ്ണചകോരം കോസ്‌റ്റാറിക്കന്‍ ചിത്രം ക്ലാര സോളയ്ക്കായിരുന്നു. ചിത്രത്തിൻറെ സംവിധായികയ്ക്കും നിര്‍മ്മാതാവിനുമായി 20 ലക്ഷം രൂപയാണ് പുരസ്‌കാരമായി സമ്മാനിച്ചത്.
എന്നാല്‍ സംവിധായിക നതാലി അല്‍വാരെസും നിര്‍മ്മാതാവ് നിമ യൂസഫിയും സമാപന ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഇരുവരും കൈമാറിയ സ്വീഡിഷ് ബാങ്ക് അക്കൗണ്ടിലേക്ക് എസ്ബിഐ വഴി പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് തുക മാറ്റൊരു സ്വീഡിഷ് അക്കൗണ്ടിലേക്കാണ് പോയതെന്ന് അക്കാദമി അറിയുന്നത്. മതിയായ രേഖയില്ലാത്തതിനാല്‍ തുക സ്വീഡിഷ് പൊലീസ് പിടിച്ചുവച്ചിരിക്കുകയാണെന്ന് കാണിച്ച് സ്വീഡിഷ് പബ്ലിക്ക് പ്രോസിക്യൂട്ടറാണ് അക്കാദമിയെ ഈമെയില്‍ വഴി വിവരമറിയിച്ചത്. അന്വേഷണത്തില്‍ മറ്റൊരു അക്കൗണ്ടിലെക്കാണ് പോയതെന്ന വസ്തുത അക്കാദമി തിരിച്ചറിഞ്ഞു.
അക്കാദമി സ്വീഡിഷ് സര്‍ക്കാരിന് രേഖകള്‍ സമര്‍ച്ചിച്ചെങ്കിലും ബന്ധപ്പെടാനുണ്ടായ കാലതാമസം കാരണം തുക പൂര്‍ണ്ണമായി സ്വീഡിഷ് ട്രഷറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അക്കാദമിയുടെ വാദം. തുക ലഭിക്കേണ്ടിയിരുന്ന സംവിധായികയെയും നിര്‍മ്മാതാവിനെയും 3 വര്‍ഷമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഇരുവരുടെയും ഭാഗത്ത് ഉണ്ടായിട്ടില്ലെന്നാണ് അക്കാദമിയുടെ വിശദീകരണം. വിജിസന്‍സിനും പൊലീസിനും അക്കാദമി പരാതി നല്‍കിയെങ്കിലും തുക വീണ്ടെടുക്കാനോ തുക നഷ്ടപ്പെട്ടതിന്റെ സത്യാവസ്ഥ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.





