‘ഞാൻ മോഹനൻ പിള്ളയല്ല’; നിർണായകമായി 98ലെ ഫോട്ടോ: കൊലക്കേസ് പ്രതി 39 വർഷത്തിനുശേഷം പിടിയിലായതിങ്ങനെ

 

കൊല്ലം ∙ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കൊല്ലം വെളിയത്തുനിന്ന് ഒളിവിൽ പോയ പ്രതി മോഹനൻപിള്ളയെ കുടുക്കിയത് ശ്രമകരമായ ചോദ്യം ചെയ്യലിനൊടുവിലെന്നു പൊലീസ്. താൻ മോഹനൻപിള്ള അല്ലെന്നും കോട്ടയം കല്ലറ സ്വദേശി കേശവന്റെ മകൻ രാജനാണെന്നുമുള്ള ഉറച്ച നിലപാടിൽ പ്രതി നിന്നു. തുടർന്നു കല്ലറ പൊലീസിന്റെ സാന്നിധ്യത്തിൽ പൂയപ്പള്ളി പൊലീസ് കാര്യങ്ങൾ ചോദിച്ചു.മുത്തച്ഛനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷിച്ചു. പുതിയ റൂറൽ പൊലീസ് മേധാവി ചുമതല ഏറ്റതോടെ അന്വേഷണം അവസാനിപ്പിച്ച കേസുകൾ അന്വേഷിക്കണമെന്ന നിർദേശം ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രതിയെന്നു സംശയിക്കുന്ന മോഹനൻ പിള്ളയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കണ്ടതായി പൊലീസിനു വിവരം ലഭിച്ചത്. എന്നാൽ ഇയാൾ മോഹനൻപിള്ള തന്നെയാണോ എന്നുള്ള കാര്യം ഉറപ്പില്ലായിരുന്നു. ഇതിനിടെ, കല്ലറ ഭാഗത്തെ വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തുന്ന വ്യക്തി വീട്ടിൽ‌ വഴക്ക് ഉണ്ടാക്കുന്നതു പതിവാണെന്നും കേസ് തനിക്ക് പുത്തരിയല്ലെന്നു പറഞ്ഞു നടക്കുന്നതായുള്ള രഹസ്യ വിവരവും പൊലീസിനു ലഭിച്ചു. ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച പൊലീസ് താമസസ്ഥലവും മറ്റും കണ്ടെത്തി. മോഹനൻ പിള്ളയെ കസ്റ്റഡിയിൽ എടുത്തെങ്കിലും 39 വർഷം കൊണ്ടുണ്ടായ രൂപമാറ്റം മൂലം ഇയാളെ തിരിച്ചറിയാൻ പൊലീസിനു കഴിഞ്ഞില്ല.

 

ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. കല്ലറയിലെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും വെളിയത്തെ വീടുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇവിടെ നിന്നു ലഭിച്ചിരുന്നില്ല. കല്ലറയിലെ വീടിന്റെ വിലാസം ഉപയോഗിച്ചായിരുന്നു ആധാർ ഉൾപ്പടെയുള്ള രേഖകൾ എടുത്തത്. അവിടെ നിന്നു ലഭിച്ച 1998ൽ എടുത്ത ഒരു ഫോട്ടോയും കേസിൽ നിർണായകമായെന്നും പൊലീസ് പറഞ്ഞു.

കൊലപാതകം നടന്നത് ഇങ്ങനെ

 

കേസിനാസ്പദമായ സംഭവം നടക്കുന്നത് 1987 ജനുവരി 11നാണ്. അന്നു വൈകിട്ട് 6ന് വീട്ടിൽ ബഹളമുണ്ടാക്കിയ ചന്ദ്രശേഖരൻ പിള്ളയെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. അന്ന് 25 വയസ്സുണ്ടായിരുന്ന മോഹനൻ പിള്ള കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയി. കൊല്ലപ്പെടുമ്പോൾ ചന്ദ്രശേഖരൻ പിള്ളയ്ക്ക് 35 വയസ്സായിരുന്നു. നാട്ടിൽ നിന്നു കടന്ന മോഹനൻ പിള്ള തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ എത്തി. അവിടെ കോട്ടയം കല്ലറ സ്വദേശികളെ പരിചയപ്പെട്ടു. തുടർന്ന് കല്ലറയിലെത്തി തോട്ടം തൊഴിലാളിയായി ജോലി ചെയ്തു. രാജൻ എന്ന പേരിൽ കല്ലറ സ്വദേശിനിയെ വിവാഹം കഴിച്ചു കുടുംബമായി താമസിച്ചു. 37ഉം 35ഉം വയസ്സുള്ള രണ്ടു മക്കളുണ്ട് മോഹനൻ പിള്ളയ്ക്ക്.