കണ്ണൂര്‍: വാണിയപ്പാറയിലെ പള്ളി കല്ലറയില്‍ രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മൃതദേഹം കാണാതായ വിലങ്ങാട് സ്വദേശിയുടേത് എന്നാണ് സംശയം. വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ ബന്ധുക്കളാണ് സംശയം ഉന്നയിച്ച് രംഗത്തെത്തിയത്. 2014ല്‍ സിജോ വാണിയപ്പാറയിലെ ഭാര്യ വീട്ടില്‍ പോയിരുന്നു. അവിടെ നിന്നാണ് കാണാതായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 2021ല്‍ ഇത് സംബന്ധിച്ച പരാതി കുറ്റ്യാടി പൊലീസില്‍ നല്‍കിയിരുന്നുവെന്നും കുറ്റ്യാടി പൊലീസില്‍ വീണ്ടും പരാതി നല്‍കുമെന്നും സിജോയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ വാണിയപ്പാറയിലെ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ ദുരൂഹതയുണര്‍ത്തുന്ന സംഭവമുണ്ടായത്. സെമിത്തേരിയില്‍ ഒരു മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോള്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ ഒരു വസ്തു കണ്ടെത്തുകയായിരുന്നു. മൃതദേഹമാണ് അതെന്ന് സംശയം ഉയര്‍ന്നതോടെ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പരാതി ലഭിച്ചാല്‍ കല്ലറ തുറന്ന് പരിശോധിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഈ കല്ലറയില്‍ അടക്കിയവരുടെ ബന്ധുക്കള്‍ കല്ലറ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇനിയും സംശയമുണ്ടെങ്കില്‍ പുറത്തെടുത്ത് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.കല്ലറയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികളും രംഗത്തെത്തി. ക്രിസ്ത്യന്‍ ആചാര പ്രകാരം ഒരു മൃതദേഹത്തിന് മേല്‍ മറ്റൊരു മൃതദേഹം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍ പളളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയില്‍ പറഞ്ഞു.
നിയമപരമായി മുന്നോട്ടുപോകണമെന്നാണ് പളളിയുടെ നിലപാട്. 2006-ലും 2015-ലും ഈ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2015-ല്‍ ദുരൂഹ കല്ലറയില്‍ അടക്കിയ ജെയിംസിന്റെ ഭാര്യ സെമിത്തേരിയില്‍ എത്തി. 38-ാം നമ്പര്‍ കല്ലറയിലാണ് ജെയിംസിനെ അടക്കിയതെന്ന് കുടുംബം അറിയിച്ചു. ദുരൂഹത ഉയര്‍ത്തിയ കല്ലറ തന്നെയാണ് ജെയിംസിന്റെ ഭാര്യ തൊട്ടുകാണിച്ചത്. 2019-ല്‍ ഈ കല്ലറയുടെ നമ്പര്‍ 23 ആയിരുന്നു. ഇപ്പോള്‍ കല്ലറയുടെ നമ്പര്‍ 38 ആണ്.







