ഇടുക്കി: നഗരമധ്യത്തില്‍ വീണ്ടും അസഭ്യവര്‍ഷവുമായി ട്രാഫിക് പൊലീസ് കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച യുവാവ്. തന്നെ വൈറല്‍ ആക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യവര്‍ഷം. ഇന്നലെ വൈകിട്ട് അടിമാലി ബസ് സ്റ്റാന്‍ഡില്‍ ആയിരുന്നു സംഭവം. സ്ത്രീകളെയും കുട്ടികളെയും അടക്കം അസഭ്യം പറഞ്ഞു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന നിലപാടിലാണ് പൊലീസ്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു യുവാവിന് നേരെ പൊലീസ് പെപ്പര്‍ സ്പ്രേ അടിച്ചത്. മദ്യലഹരിയില്‍ അടിമാലി ബസ് സ്റ്റാന്‍ഡിലെത്തി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തിയതോടെ അസഭ്യവര്‍ഷം പൊലീസിന് നേരെയായി.
പൊലീസ് വാഹനത്തിന് അടുത്തെത്തി എസ്ഐക്ക് നേരെ അസഭ്യവര്‍ഷം തുടര്‍ന്നതോടെയാണ് വാഹനത്തില്‍ കരുതിയിരുന്ന പെപ്പര്‍ സ്പ്രേ പൊലീസ് ഉദ്യോഗസ്ഥന് യുവാവിന്റെ മുഖത്തടിച്ചത്. പിന്നാലെ മുഖം പൊത്തി അടുത്തുള്ള കടത്തിണ്ണയില്‍ ഇരുന്ന യുവാവ് അരമണിക്കൂറിന് ശേഷമാണ് സ്റ്റാന്‍ഡ് വിട്ടത്.പിന്നാലെ ഇന്നലെ വൈകിട്ട് വീണ്ടും യുവാവ് ബസ് സ്റ്റാന്‍ഡിലെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അസഭ്യവര്‍ഷം തുടര്‍ന്നു. ഏറെ നേരത്തിന് ശേഷമാണ് ഇയാള്‍ സ്റ്റാന്‍ഡില്‍ നിന്നും പോയത്. ഈ പ്രദേശത്ത സ്ഥിരമായി എത്തി പ്രശ്നം ഉണ്ടാക്കുന്നയാളാണ് യുവാവ്.








