ലക്നൗ ∙ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മകളോട് മോശമായി പെരുമാറിയ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതിയും സഹോദരിയും. കൊലപാതകം ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രോണിക്ക സിറ്റിയിലെ വാടകവീട്ടിൽ ജൂൺ 23നാണ് സംഭവം. കിരൺ, സഹോദരി കാശിഷ് എന്നിവരാണ് പങ്കാളിയായ സാക്കിറിനെ കൊലപ്പെടുത്തിയത്.
സാക്കിറും കിരണും കഴിഞ്ഞ അഞ്ചു വർഷമായി ഒരുമിച്ചാണ് താമസം. കിരണിന്റെ മകളോട് സാക്കിർ മോശമായി പെരുമാറുന്നു എന്ന പരാതിയെത്തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. കുട്ടിയുടെ സുരക്ഷയെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. ജൂൺ 23ന് രാവിലെയാണ് സഹോദരിമാർ ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. സാക്കിറിന്റെ ഫോൺ ഉപയോഗിച്ച് ഇവർ ഒരു ക്യാബ് ബുക്ക് ചെയ്തു. വാഹനം എത്തിയപ്പോൾ കിരണിന്റെ മൂന്ന് കുട്ടികളെയും അതിൽ കയറ്റി പുറത്തേക്ക് വിട്ടു. ഈ സമയം വീട്ടിൽ തനിച്ചായിരുന്ന സാക്കിറിനെ കിരൺ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ബോധരഹിതനായ സാക്കിറിനെ പിന്നീട് രണ്ട് സഹോദരിമാരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.കൊലപാതകത്തിനു ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ സഹോദരിമാർ ശ്രമിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വീടിന്റെ മുകളിൽ ഒളിപ്പിച്ചു. കിരൺ ബഹളം വച്ച് ആളുകളെ കൂട്ടുകയും സാക്കിർ ആത്മഹത്യ ചെയ്തതാണെന്ന് പറയുകയും ചെയ്തു. സാക്കിറിന്റെ സഹോദരനെയും ഇവർ ഇതേ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.






