വിസ്മയ കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിരണിന്‍റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

 

കൊല്ലം: വിസ്മയ കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺ കുമാറിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. എഫ് ഐ ആർ റദ്ദാക്കണമെന്ന കിരണിന്റെ ഹർജി പരിഗണിക്കുന്നത് ജൂലൈ 26-ലേക്ക് മാറ്റി. ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും നൽകാൻ കോടതിയുടെ നിർദ്ദേശം. ബി എസ് ആളൂരാണ് കോടതിയിൽ പ്രതിക്ക് വേണ്ടി ഹാജരായത്.

കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം. പഴയ പ്രശ്നങ്ങളുടെ പേരിലാണ് തനിക്കു മേൽ കുറ്റം ചുമത്തിയതെന്നാണ് കിരൺകുമാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഹർജി തീർപ്പാകും വരെ കേസിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂൺ 21നാണ് വിസ്മയയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം