Headlines

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

 

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് യോഗം വിളിച്ച സുധാകരനെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ പേരില്‍ കൊച്ചിയില്‍ ഒരുയോഗവും വിളിച്ചിട്ടില്ലെന്നും ചുമതല പൊലീസിനാണെന്നുമായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത കൊച്ചി സ്വദേശിയെ കൊലപാതക ശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ കൊച്ചിയില്‍ കെ സുധാകരന്‍ വിളിച്ചയോഗം ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലായിരുന്നു എന്ന വിമര്‍ശനത്തിനും വിവാദത്തിനും പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കൊച്ചിയില്‍ അത്തരത്തില്‍ ഒരുയോഗവും വിളിച്ചിട്ടില്ലെന്നും, അതില്‍ ആരെല്ലാം പങ്കെടുത്തു എന്ന് അറിയില്ലെന്നും പറഞ്ഞ ആഭ്യന്തരമന്ത്രി, പൊലീസിനല്ലാതെ മറ്റാര്‍ക്കും അത്തരം ചുമതല നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല. ചില മാധ്യമ വാര്‍ത്തകളില്‍ പറയുന്ന യോഗത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞിട്ടില്ല. തൂഫാന്‍ യോഗങ്ങള്‍ പൊലീസ് ഉദ്യഗസ്ഥരാണ് വിളിച്ചുചേര്‍ക്കുന്നത്. ഇത് ആര് വിളിച്ചതാണെന്ന് അറിയില്ല. ആരൊക്കെ പങ്കെടുത്തുവെന്നും അറിയില്ല. ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ ഇങ്ങനെയൊരു യോഗം കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിട്ടില്ല. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനമായ ഓപ്പറേഷന്‍ തൂഫാനെ തകര്‍ക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

 

അതിനിടെ, ലഹരിക്കെതിരെ പോരാടാന്‍ കെ സുധാരന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസയെ വധശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരിയിലെ ബാറില്‍ മദ്യപിക്കുന്നതിനിടെ വയോധികനുമായുള്ള തര്‍ക്കം മര്‍ദനത്തിലേയ്ക്ക് എത്തുകയായിരുന്നു. ഷിബുവിനൊപ്പം സംഭവത്തിലേര്‍പ്പെട്ട ഇയ്യാളുടെ സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. കെ സുധാകരന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് ശ്രദ്ധനേടിയതിന് പിന്നാലെയാണ് മട്ടാഞ്ചേരിയിലെ സംഭവം.