Headlines

ആർ. രാജഗോപാലിന് പാസ്‌പോർട്ട് നിഷേധിച്ചു: ബംഗാൾ മുഖ്യമന്ത്രിക്ക് വി.ഡി. സതീശന്റെ കത്ത്, പ്രതിഷേധിച്ച് പിണറായിയും

 

കൊൽക്കത്ത∙ വോട്ടർപട്ടികയിൽ പേരില്ലെന്നു ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‍പോർട്ട് നിഷേധിച്ച സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ കത്തെഴുതി. ‘ദ് ടെലഗ്രാഫ് ’ മുൻ എഡിറ്റർ കൂടിയായ രാജഗോപാലിനു പാസ്‍പോർട്ട് നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ പ്രതിഷേധിച്ചു.

 

എസ്ഐആറിനെത്തുടർന്ന് ബംഗാൾ വോട്ടർപട്ടികയിൽ നിന്നു രാജഗോപാലിന്റെ പേര് ഒഴിവാക്കുകയായിരുന്നു. 30 വർഷമായി കൊൽക്കത്തയിലെ ബോളിഗഞ്ച് മണ്ഡലത്തിലാണ് രാജഗോപാലിന്റെ താമസം. വോട്ടർപട്ടികയിൽ നിന്നു പേരു വെട്ടിയതിനെത്തുടർന്നാണ് പാസ്‍പോർട്ട് പുതുക്കലിന്റെ ഭാഗമായുള്ള പൊലീസ് ക്ലിയറൻസ് ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, രാജഗോപാലിനു പൊലീസ് ക്ലിയറൻസ് ലഭിക്കാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നു സംശയിക്കുന്നുണ്ട്. വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പാസ്‍‍പോർട്ട് പുതുക്കുന്നതിൽ പൊലീസ് ക്ലിയറൻസ് നൽകരുതെന്ന സർക്കുലർ ബംഗാൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടി. വിദ്വേഷ രാഷ്ട്രീയത്തിനെതിര ശക്തമായ നിലപാട് സ്വീകരിച്ച പത്രാധിപരായതു കൊണ്ട് രാജഗോപാലിനെ വേട്ടയാടുകയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു.

 

ബംഗാളിൽ എസ്ഐ ആറിനെത്തുടർന്ന് 60 ലക്ഷം പേരെയാണു വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്തത്. ഇരട്ട വോട്ടുകൾ, വ്യാജ വോട്ടുകൾ, മരണപ്പെട്ടവർ എന്നിവരാണ് ഇവർ. 27 ലക്ഷം പേരെ ഇതിനു പുറമേ സംശയ ലിസ്റ്റിൽ ഉൾപ്പെടുത്തി. മുൻ വർഷങ്ങളിൽ വോട്ടു ചെയ്തവരാണ് ഇവർ. സംശയ ലിസ്റ്റിൽ ഉൾപ്പെടുത്തിയവർക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെങ്കിലും കേസിൽ വിധി വരാൻ വർഷങ്ങളെടുക്കും. സംശയ പട്ടികയിൽ ഉൾപ്പെടുത്തിയ 27 ലക്ഷം പേരെ സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ നിന്നും റേഷൻ പദ്ധതികളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ ട്രൈബ്യൂണലിന് മുൻപാകെ അപ്പീൽ നൽകിയവരെ വീണ്ടും ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്താൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. രാജഗോപാലും ട്രൈബ്യൂണലിന് മുൻപാകെ അപ്പീൽ നൽകിയിട്ടുണ്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാസ്‍പോർട്ട് പുതുക്കാൻ നൽകിയവരിൽ സംശയ ലിസ്റ്റിലുള്ളവർക്കും പാസ്‍പോട്ട് പുതുക്കി നൽകിയിട്ടുണ്ട്. എന്നാൽ പല പൊലീസ് സ്റ്റേഷനുകളിലും എസ്ഐ ആറിൽ പേരു വെട്ടിയത് ചൂണ്ടിക്കാട്ടി പാസ്‍പോർട്ട് നിഷേധിച്ച സംഭവങ്ങളുമുണ്ട്.