നഗരസഭയിൽ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന വാർത്തകളോട് പ്രതികരിച്ച് മേയർ വി.വി. രാജേഷ്. ഇത്തരത്തിലുള്ള അവിശ്വാസ പ്രമേയങ്ങൾ തങ്ങൾ നേരത്തെതന്നെ പ്രതീക്ഷിച്ചതാണെന്നും ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ നിയമപരമായി അനുവദിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങൾ തങ്ങൾ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും ജനാധിപത്യ സംവിധാനത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് നിയമപരമായി അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നഗരസഭയുടെ ജനറൽ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കങ്ങളെ പൂർണ്ണമായി സ്വാഗതം ചെയ്തുകൊണ്ട് മേയർ രംഗത്തെത്തിയത്.
തിരുവനന്തപുരം നഗരസഭയിലെ ആകെ 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തതെന്ന് മേയർ ഓർമ്മിപ്പിച്ചു. തങ്ങൾ ഭരണത്തിൽ എത്തിയപ്പോൾത്തന്നെ ഇത്തരം രാഷ്ട്രീയ വെല്ലുവിളികളും ആറുമാസത്തിലൊരിക്കലുള്ള അവിശ്വാസപ്രമേയങ്ങളും മുന്നിൽ കണ്ടിരുന്നു. മാസത്തിൽ ഒന്നുവീതം അവിശ്വാസപ്രമേയങ്ങൾ വന്നാലും നേരിടാൻ ബി.ജെ.പി ഭരണസമിതി സജ്ജമാണ്. ഇതിനെ വളരെ പോസിറ്റീവായി മാത്രമാണ് കാണുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയത്തിലും കൗൺസിലിൽ കൃത്യമായ ചർച്ചയ്ക്ക് തയ്യാറാണെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.









