Headlines

കറാച്ചിയിലെ ഭീകരാക്രമണം: ‘ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇനിയെങ്കിലും നിർത്തണം’; പാകിസ്താന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ

 

കറാച്ചിയിലെ ഭീകരാക്രമണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ. പാകിസ്താൻ സ്വന്തം മണ്ണിലെ ഭീകര ശൃംഖലയ്ക്കെതിരെ നടപടി എടുക്കണമെന്ന് വിദേശകാര്യ വക്താവ്. മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നത് നിർത്തണമെന്നും രൺദീർ ജെയ്‌സ്വാൾ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താൻ ഇനിയെങ്കിലും നിർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

 

 

കറാച്ചിയിലെ പാരാമിലിട്ടറി സേനയായ സിന്ധ് റേഞ്ചേഴ്സിൻറെ ആസ്ഥാനത്തിന് നേരെയാണ് ശനിയാഴ്ച രാത്രിയോടെ ആക്രമണമുണ്ടാകുന്നത്. ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റിൽ അക്രമികൾ സ്ഫോടനം നടത്തുകയും സൈനികർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. പാക് കാലാവസ്ഥാ വകുപ്പ് ആസ്ഥാനവും പ്രമുഖ സർവകലാശാലകളും സ്ഥിതി ചെയ്യുന്ന ഗുലിസ്താൻ-ഇ-ജൗഹറിലെ പ്രധാന റോഡിലാണ് സ്ഫോടനം നടന്നത്.ആക്രമണത്തിന് പിന്നാലെ റാപ്പിഡ് റെസ്പോൺസ് ഫോഴ്സസ്, പൊലീസ് കമാൻഡോകൾ, അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ വൻ സുരക്ഷാ സന്നാഹം സ്ഥലത്തെത്തി. പ്രദേശത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായാണ് സിന്ധ് ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോയുടെ സ്ഥിരീകരണം. ഭീകരസംഘടനയായ ജമാഅത്തുൽ-അഹ്റാർ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.