ബജറ്റിലെ മദ്യനയത്തിൽ നിന്നും സർക്കാർ പിൻവാങ്ങണം ജമാഅത്തെ ഇസ്ലാമി. മദ്യ ഉപഭോഗം കുറക്കുമെന്ന യു.ഡി.എഫ് നയത്തിന് വിരുദ്ധമായ നിലപാടാണ് സർക്കാർ ഇതിലൂടെ കൈ കൊണ്ടിട്ടുള്ളത്. വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചതിലൂടെ, മദ്യ ഉപഭോഗ സാധ്യത വർധിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി.മുജീബ് റഹ്മാൻ. ബജറ്റ് നിർദേശം ലഹരിക്കെതിരെ സർക്കാർ തന്നെ നടത്തുന്ന പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തി. അതിനാൽ ഈ തീരുമാനത്തിൽ നിന്നും സർക്കാർ പൂർണമായും പിൻവാങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മദ്യ കമ്പനിയായ ബക്കാർഡിയുടെ അപേക്ഷ സ്വീകരിച്ച് അതിവേഗത്തിലാണ് തീരുമാനം വന്നതെന്നും അഴിമതിക്ക് വേണ്ടിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ഭരണ പക്ഷത്ത് നിന്ന് ആവശ്യം ഉയർന്നതിന് പിന്നാലെ ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കി. എന്നാൽ സഭയ്ക്ക് പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലും പ്രതിപക്ഷം അഴിമതി ആരോപണം ആവർത്തിച്ചു.അടിയന്തിര പ്രമേയ നോട്ടീസ് നിരാകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച തീരുമാനത്തിൽ അഴിമതി ആരോപിച്ചത്. ബജറ്റ് ചർച്ചയുടെ ആദ്യ ദിവസം പരാമർശിച്ച് പോയ നികുതി കുറയ്ക്കൽ പ്രഖ്യാപനമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.









