പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം നാളെ. നിയമസഭാ സമ്മേളനത്തിന് ശേഷം വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സിലബസ് തയ്യാറാക്കൽ, സ്കൂളുകളുടെ തിരഞ്ഞെടുപ്പ്, സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിലനിർത്തൽ തുടങ്ങിയ വിഷയങ്ങൾ സമിതി പഠിക്കും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ, എക്സൈസ് മന്ത്രി എം.ലിജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ, മന്ത്രി പി.സി വിഷ്ണുനാഥ് എന്നിവരാണ് ഉപസമിതിയുടെ അംഗങ്ങൾ.
ദേശീയ വിദ്യാഭ്യാസ നയം അടക്കമുള്ള പ്രശ്നങ്ങൾ സംസ്ഥാനത്തെ ബാധിക്കാതെ എങ്ങിനെ പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളിലടക്കം സമിതി പഠന റിപ്പോർട്ട് തയ്യാറാകും അതിന് ശേഷമായിരിക്കും ഏത് തരത്തിൽ പദ്ധതി നടപ്പിലാക്കണം എന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കുകയുള്ളൂ.
പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. സർക്കാരിന്‍റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിപ്പിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും നിലവിൽ കേരളം അതിൽ ഒരംഗമാണെന്നും സതീശൻ പ്രസ്താവിക്കുകയുണ്ടായി. കേരളത്തിന്‍റെ അവകാശങ്ങൾ ബലി കഴിപ്പിക്കാതെയും വർഗീയ അജണ്ടയില്ലാതെയും പദ്ധതി എങ്ങനെ നടപ്പാക്കാനാകുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി.







