ഡെങ്കിപ്പനി ആശങ്കയിൽ സംസ്ഥാനം. ഇന്ന് 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 56 കാരി ഇന്ന് മരിച്ചു. ഈ മാസം രോഗം ബാധിച്ചത് 1560 പേർക്കാണ്. ഡെങ്കുവിന് പുറമെ എലിപ്പനിയും വ്യാപകമാണ് സംസ്ഥാനത്ത്. ഇന്ന് 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് രണ്ടുപേരാണ്. നാലുപേർക്ക് മലേറിയ ,അമീബിക് മസ്തിഷ്കജ്വരം ഒരാൾക്കും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം സംസ്ഥാനത്ത് 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
കോഴിക്കോട് ജില്ലയിൽ മാത്രം എട്ട് പേർക്ക് ഷിഗെല്ല സ്ഥിരികരീച്ചു. ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണം പൂർത്തിയാക്കിയ 11 പേരെ നിരീക്ഷണത്തിൽ നിന്നു ഒഴിവാക്കി.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 51 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 91 ഫോൺവിളികൾ എത്തിയിട്ടുണ്ട്.









