അന്തരിച്ച മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സർക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി നൽകാൻ തീരുമാനമായിരിക്കുന്നത്.ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ ഉത്തരവിൽ തുടർനടപടി സ്വീകരിക്കും.
ഒക്ടോബർ 14. കണ്ണൂർ കളക്ടറേറ്റ് ഹാൾ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്കായിരുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന എഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. പി. ദിവ്യ എത്തിയത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ച ദിവ്യ, രണ്ടു ദിവസത്തിനകം ബാക്കി കാര്യങ്ങൾ പുറത്തുവരുമെന്ന് ഭീഷണിപ്പെടുത്തി വേദി വിട്ടു. തൊട്ടടുത്ത ദിവസം, ഒക്ടോബർ 15. പരസ്യമായ അപമാനത്തിൽ മനംനൊന്ത് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒരു സീനിയറായ ഉദ്യോഗസ്ഥന്റെ ദാരുണാന്ത്യം കേരളത്തിലുടനീളം വൻ പ്രതിഷേധത്തിന് കാരണമായി.കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിവാദങ്ങളിലൊന്നാണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ.







